നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തിൽ പുള്ളിമാൻ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ടൂറിസ്റ്റുകൾക്ക് പിഴ. ആന്ധ്രയിൽനിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾക്ക് വനംവകുപ്പ് 15,000 രൂപയാണ് പിഴ ചുമത്തിയത്.
വന്യജീവി മേഖലയായ മസിനഗുഡി-തൊപ്പക്കാട് റോഡിലാണ് സംഭവം. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽനിന്നുള്ള അബ്ദുള്ള ഖാൻ (24), അബ്ദുൾ അസീസ് (26), ഇബ്രാഹിം ഷെയ്ഖ് (27) എന്നിവർക്കാണു പിഴ അടയ്ക്കേണ്ടിവന്നത്.
വയനാട്ടിലേക്കുള്ള യാത്രാമധ്യേ മൂവരും മാനുകൾ മേയുന്നത് കണ്ട് വാഹനത്തിൽനിന്നു പുറത്തിറങ്ങുകയായിരുന്നു. ഒരു വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയിൽ വിനോദസഞ്ചാരികളിലൊരാൾ മൃഗങ്ങളെ പിന്തുടരുന്നതും മറ്റൊരാൾ ഇത് ചിത്രീകരിക്കുന്നതും കാണാം. മാനുകൾ പരിഭ്രാന്തരായി ചിതറിയോടുന്നതും വീഡിയോയിലുണ്ടായിരുന്നു.