പൂന: കുട്ടിയുണ്ടാവാൻ യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥികൂടത്തിന്റെ പൊടി കഴിക്കാൻ നിർബന്ധിച്ച് ഭർത്താവും വീട്ടുകാരും. മന്ത്രവാദിയുടെ ഉപദേശപ്രകാരം നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായിരുന്നു എല്ല് പൊടികഴിപ്പിക്കൽ.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവും ഇയാളുടെ വീട്ടുകാരുമുൾപ്പെടെ ഏഴു പേർക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു.
പൂനയിലായിരുന്നു സംഭവം. അമാവാസി രാത്രികളിൽ ഭർത്താവിന്റെ അമ്മ യുവതിയെ വീട്ടിനുള്ളിൽ മന്ത്രവാദത്തിന്റെ ഭാഗമാകാൻ നിർബന്ധിച്ചിരുന്നു.
ഒരു ദിവസം രാത്രിയിൽ അജ്ഞാതമായൊരു ശ്മശാനത്തിൽ എത്തിച്ച് മനുഷ്യാസ്ഥികൂടത്തിന്റെ പൊടി ബലമായി കഴിപ്പിക്കുകയും ചെയ്തു.
കൊങ്കൺ മേഖലയിലെ അജ്ഞാത പ്രദേശത്ത് കൊണ്ടുപോയി വെള്ളച്ചാട്ടത്തിനടിയിൽ നിർത്തി മന്ത്രവാദത്തിന് നിർബന്ധിച്ചു.
മന്ത്രവാദി വീഡിയോകോളിൽ എത്തിയായിരുന്നു ഈ സമയം നിർദേശം നൽകിയിരുന്നത്. മന്ത്രവാദിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
നല്ല വിദ്യാഭ്യാസമുള്ളവരാണ് കുടുംബാംഗങ്ങൾ എല്ലാവരും. എന്നാൽ ഇവർ ഇപ്പോഴും അത്തരം ആചാരങ്ങളിൽ വിശ്വസിച്ചുപോരുകയാണെന്ന് പോലീസ് പറയുന്നു.