പാറശാല: കൊറോണ രോഗം വ്യാപിക്കുന്നത് തടയാനായി സംസ്ഥാന അതിർത്തിയിലെ കളിയിക്കാവിളയിലും,പാറശാല റെയിൽവേ സ്റ്റേഷനിലും, പരിശോധന നടത്താൻ നിച്ചയിച്ചിരുന്നുവെങ്കിലും ആരോഗ്യ വകുപ്പധികൃതർ വരാത്തതുകാരണം പരിശോധന നടത്താൻ കഴിയാതെ എസ്പിയും സംഘവും മടങ്ങി.
ഇന്നലെ രാവിലെ ഒന്പതിന് റൂറൽ എസ്പി ബി. അശോകൻ, നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാർ, പാറശാല സിഐ കണ്ണൻ എന്നിവരുൾപ്പടെയുള്ള പോലീസ് സംഘം പാറശാല റെയിവേ സ്റ്റേഷനിൽ നിലയുറപ്പിച്ചുവെങ്കിലും ആരോഗ്യ വകുപ്പധികൃതർ എത്തിയില്ല.
ഇതേ തുടർന്ന് എസ്പിയും സംഘവും മടങ്ങുകയായിരുന്നു. അതിർത്തിയിലെ കളിയിക്കാവിളയിലും പാറശാല റെയിൽവേ സ്റ്റേഷനിലുമാണ് ഇന്നലെ പരിശോധന നിച്ചയിച്ചിരുന്നത്.
ഇന്നലെ പുലർച്ചെ ചെന്നൈ എഗ്മോറിൽ നിന്നും വന്ന ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിൽ പരിശോധന നടത്താൻ നിർദേശ മുണ്ടായിരുന്നതിനെ തുടർന്ന് ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നുവെങ്കിലും പരിശോധനാസംഘം എത്താത്തതിനെ തുടർന്ന് ട്രെയിൻ കടത്തിവിടുകയായിരുന്നു.
എന്നാൽ ആരോഗ്യ വകുപ്പിൽ നിന്നും കൃത്യമായ നിർദേശം കിട്ടാത്തതും പരിശോധനക്കുള്ള ഉപകരണങ്ങൾ ഇല്ലാത്തതുമാണ് മെഡിക്കൽ സംഘം എത്താത്തതെന്നു അധികൃതർ പറഞ്ഞു.
ചില ചാനലുകളിൽ വർത്തവന്നതിനെത്തുടർന്നു ആരോഗ്യ വകുപ്പധികൃതർ അമരവിള ചെക്പോസ്റ്റിൽ പരിശോധന നടത്തുകയായിരുന്നു.കൊറോണ ബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള സ്പ്ലാഷ്തെർമോമീറ്ററിന്റെ അഭാവമാണ് പരിശോധന സംഘം എത്താതിരുന്നതിനുകാരണം.
മഹാരാഷ്ട്രയിൽ നിന്നുമാണ് ഈ ഉപകരണം എത്തേണ്ടത്. അൻപത്തെണ്ണത്തിന് ഓർഡർനൽകിയിട്ടുണ്ടെന്നും ഉടൻ എത്തിച്ചേരുമെന്നും ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.
എന്നാൽ അതിർത്തിയിലെ പരിശോധന പ്രഹസന മായി മാറുന്നതായിആരോപണമുണ്ട്.നെയ്യാറ്റിൻകര താലൂക്കിൽ ഇരുപതു സ്ഥലങ്ങളിൽ പരിശോധനകേന്ദ്രങ്ങൾ തുടങ്ങാനുള്ള തയാറെടുപ്പുകൾ തുടങ്ങിയെങ്കിലും ഉപകരണങ്ങളുടെ അഭാവവും ഇതര സംസ്ഥാന, ഭാഷ നൈപുണ്യമുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതും കാരണം അതിർത്തി പ്രദേശങ്ങളിൽ പരിശോധന പ്രഹസനമായി മാറുകയാണ്.
വരുംദിവസങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കി , ഭാഷ നൈപുണ്യമുള്ളജീവനക്കാരെ അണിനിരത്തി പരിശോധന ശക്തമാക്കണമെന്നേ ആവശ്യം ശക്തമാണ്.
ആരോഗ്യ വകുപ്പധികൃതർ എത്തിയില്ലങ്കിലും പാറശാല സിഐ കണ്ണൻ, എസ്ഐ ശ്രീലാൽ എന്നിവരുൾപ്പെട്ട സംഘം അതിർത്തിയിൽ വാഹന പരിശോധന നടത്തുകയുംആവശ്യമായ നിർദേശങ്ങൾ യാത്രക്കാർക്ക് നൽകുകയും ചെയ്തു.