തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം സജ്ജമാകുന്ന മുറയ്ക്കു ബാറുകൾ അടക്കമുള്ള മദ്യവിൽപ്പനശാലകൾ തുറക്കും. ബാറുകൾ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ തുറന്നു പ്രവ൪ത്തിക്കുമെന്നു വ്യക്തമാക്കി എക്സൈസ് വകുപ്പ് ഉത്തരവിറക്കി.
മൊബൈൽ ആപ് സജ്ജമാകുന്ന മുറയ്ക്കു മദ്യശാലകൾ തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബിവറേജസ്, കൺസ്യൂമർ ഫെഡ് എന്നിവയുടെ ഔട്ട്ലെറ്റുകൾക്കൊപ്പം ബാറുകൾ വഴിയും കുപ്പിയിൽ മദ്യം നൽകും.
ബാറുകളിലെ മദ്യ വിൽപനയുടെ മേൽനോട്ടം ബിവറേജസ് എംഡി വഹിക്കും. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പാഴ്സല്‍ സര്‍വീസിനായി ബാ൪ കൗണ്ടറുകൾ തുറക്കാം. ബാറുകളില്‍ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും ഈ നിബന്ധന ബാധകം.
ക്ലബ്ബുകൾ
ഈ സംവിധാനം നിലവില്‍ വരുന്ന ദിവസം മുതല്‍ ക്ലബ്ബുകളില്‍ ഒരു സമയത്ത് അഞ്ച് ആളുകളിലധികം വരില്ല എന്നുള്ള നിബന്ധനയ്ക്കു വിധേയമായി സാമൂഹിക അകലം പാലിച്ചു മെംബര്‍മാര്‍ക്കു മദ്യവും ആഹാരവും പാഴ്സലായി വിതരണം ചെയ്യാം. ടെലിഫോണ്‍ വഴിയുള്ള ബുക്കിംഗോ അനുയോജ്യമായ മറ്റു മാര്‍ഗങ്ങളോ ക്ലബ്ബുകള്‍ ഇതിനായി സ്വീകരിക്കണം.
ക്ലബ്ബുകളില്‍ മെംബര്മാരല്ലാത്തവരുടെ പ്രവേശനം അനുവദനീയമല്ല.കള്ളുഷാപ്പുകളില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി കള്ളും ആഹാരവും വിതരണം ചെയ്യാം.
ബിവറേജസിൽനിന്നു മൊത്തവിലയ്ക്കു മദ്യം വാങ്ങുന്ന ബാറുടമകൾ 20 ശതമാനം ലാഭത്തിൽ വില്പന നടത്തും. ഇതുവഴി സർക്കാരിനു നഷ്ടമുണ്ടാകും. പരമാവധി വില്പന വിലയിൽ അധികരിച്ച തുക ബാറുകാ൪ ഈടാക്കാൻ പാടില്ല.