ഏറെ നാളത്തെ ആസൂത്രണത്തിനും തയാറെടുപ്പുകൾക്കും കാത്തിരിപ്പിനും ശേഷം നടപ്പാക്കിയ ഒാപ്പറേഷൻ ഛോട്ടാ രാജൻ അവിശ്വസനീയമായ രീതിയിൽ പാളിയതു ദാവൂദ് ഇബ്രഹാമിന്റെ ക്യാന്പിനെ ശരിക്കും ഞെട്ടിച്ചു.
ഛോട്ടാ രാജൻ ഇതോടെ തീർന്നു എന്നു കരുതിയിടത്തുനിന്നുമാണ് അയാൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. അധോലോകത്തിന്റെ വിലയിരുത്തലിൽ തീർത്തും കുറ്റമറ്റൊരു വധശ്രമമാണ് ഛോട്ടാരാജനെതിരേ നടപ്പാക്കിയത്.
എന്നാൽ, മിടുക്കുകൊണ്ടും അതിനേക്കാൾ ഭാഗ്യംകൊണ്ടും ഈ ആക്രമണത്തെ ഛോട്ടാ രാജൻഅതിജീവിച്ചതോടെ ദാവൂദ് ക്യാന്പിന്റെ നെഞ്ചിടിപ്പ് കൂടി എന്നതാണ് സത്യം.
അയാൾ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മറഞ്ഞതോടെ ദാവൂദിനും ഡി-കന്പനിയുടെ തലപ്പത്തുള്ളവർക്കും അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങുകയായിരുന്നു.
പ്രതികാരദാഹി
ഒരു വർഷത്തിനിപ്പുറം 2001ൽ വിനോദ് മിശ്ര മുംബൈയിൽ ഛോട്ടാ രാജൻ സംഘാംഗങ്ങളുടെ വെടിയേറ്റു മരിച്ചതു ദാവൂദ് സംഘത്തിനു ഞെട്ടൽ സമ്മാനിച്ചു.
രാജൻ കൗണ്ട്ഡൗണ് തുടങ്ങിയതായി അവർ തിരിച്ചറിഞ്ഞു. ബാങ്കോക്കിൽ കഴിഞ്ഞിരുന്ന രാജന്റെ വിവരങ്ങൾ എതിരാളികൾക്കു ചോർത്തിക്കൊടുത്തതായി കരുയിരുന്ന സുനിൽ സൊയൻസ് ആയിരുന്നു അടുത്ത ഇര. അതും 2001ൽ തന്നെയായിരുന്നു.
ദുബായിലും കൊല
ഇവർ രണ്ടു പേരെയും അധോലോകത്തെ വലിയ രാജാക്കന്മാർക്കു വേണ്ടി ജീവൻ കൊടുക്കേണ്ടിവരുന്ന പതിവ് ചാവേറുകളുടെ പട്ടികയിലേക്ക് എഴുതിത്തള്ളാൻ ഒരുപക്ഷേ ദാവൂദ് തയാറായിരുന്നു.
പക്ഷേ, ഇതുകൊണ്ടും അടങ്ങാൻ ഛോട്ടാ രാജൻ തയാറായിരുന്നില്ല. അടുത്ത ഷോക്ക് ദാവൂദിന്റെ ചങ്ക് വിറപ്പിച്ചു. 2003 ജനുവരി 19ന് ദുബായിലെ ഇന്ത്യാ ക്ലബിൽ വീണു ചിതറിയത് ദാവൂദിന്റെ എക്കാലത്തെയും വലിയ വിശ്വസ്തന്റെ രക്തമായിരുന്നു.
ഡി-കന്പനിയുടെ സാന്പത്തിക ഇടപാടുകളുടെ അവസാന വാക്കും ദാവൂദിനും ഷക്കീലിനുമപ്പുറം സംഘത്തിലെ മൂന്നാമനുമായ ശരത് ഷെട്ടിയെ ഛോട്ടാ രാജൻ സംഘം വെടിവച്ചുവീഴ്ത്തി. ശരത് ഷെട്ടി കൊല്ലപ്പെട്ടു… ആ വാർത്ത അധോലോകത്തിനു വിശ്വസിക്കാനായില്ല.
മുംബൈയിലോ തായ്ലൻഡ് പോലുള്ള സ്ഥലങ്ങളിൽ നടക്കുന്നതുപോലെ ദുബായിൽ അധോലോകത്തിന്റെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടക്കില്ലെന്ന ആത്മവിശ്വാസം കൂടിയാണ് ശരത് ഷെട്ടിയുടെ വധത്തോടെ അവസാനിച്ചത്.
നാനാ കന്പനിയിലെ രണ്ടാമനായിരുന്ന രോഹിത് വർമയുടെ കൊലപാതകത്തിനു ഡി-കന്പനിയിലെ ഏറ്റവും വലിയ വിശ്വസ്തന്റെ രക്തംകൊണ്ട് ഛോട്ടാ രാജൻ പകവീട്ടി.
ശരത് ഷെട്ടിയുടെ മരണം പതിവ് അധോലോക കുടിപ്പകകളിൽ ഒന്നുമാത്രമായി എഴുതിത്തള്ളാൻ ദാവൂദിനും ഒരിക്കലും കഴിഞ്ഞില്ല.
(തുടരും)