തിരുവല്ല: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് എത്തിയ ടാങ്കര്‍ ലോറികളില്‍നിന്ന് 20,687 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ പുളിക്കീഴ് പോലീസ് കേസെടുത്തു. ലോറി ഡ്രൈവര്‍മാരും കണക്ക് സൂക്ഷിപ്പുകാരനുമടക്കം മൂന്നു പേര് അറസ്റ്റില്‍.
ലോറി ഡ്രൈവര്‍മാരായ തൃശൂര്‍ പൊട്ടച്ചിറ കുന്നത്ത് വീട്ടില്‍ നന്ദകുമാര്‍, ഇടുക്കി കാവുമ്പാടി വട്ടക്കുന്നേല്‍ വീട്ടില്‍ സിജോ തോമസ്, ട്രാവന്‍കൂര്‍ ഷുഗേഴ്സില് സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന പാണ്ടനാട് മണിവീണ വീട്ടില്‍ അരുണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ജനറല്‍ മാനേജര്‍ അലക്സ് പി. ഏബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചുവില്‍ക്കാന്‍ സഹായിച്ച മധ്യപ്രദേശ് ബൈത്തുള്‍ സ്വദേശി അബു എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അന്വേഷണം നടത്തിയ എക്സൈസ് സംഘത്തിന്റെ കൂടി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരേ തെളിവ് ശേഖരിക്കുന്ന ജോലികള്‍ പോലീസ് ആരംഭിച്ചു.
എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം ലോറി ഡ്രൈവര്‍ മാരില്‍നിന്നു പിടിച്ചെടുത്ത 10.28 ലക്ഷം രൂപയും പോലീസിന് കൈമാറിയിട്ടുണ്ട്.
മധ്യപ്രദേശിലെ ബര്വാഹയില്നിന്നു 1.15 ലക്ഷം ലിറ്റര്‍ സ്പിരിറ്റുമായി മൂന്ന് ടാങ്കര്‍ ലോറികള്‍ ചൊവ്വാഴ്ചയാണ് കേരള അതിര്‍ത്തിയായ വാളയാര്‍ ചെക്ക്പോസ്റ്റില്‍ എത്തിയത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനില്‍കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സംഘം വാളയാര്‍ ചെക്ക്പോസ്റ്റ് മുതല്‍ വാഹനങ്ങളെ പിന്തുടര്ന്നു.
ഇ- ലോക്ക് ഘടിപ്പിച്ചാണ് വാഹനങ്ങള്‍ മധ്യപ്രദേശിലെ സര്‍ക്കാര്‍ ഫാക്ടറിയില്‍നിന്നും പുറപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നു ലോറികളിലായി സ്പിരിറ്റ് ഫാക്ടറിയില്‍ എത്തിച്ചത്.
തൊട്ടുപിന്നാലെ എത്തിയ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം ലോറികളില്‍ പരിശോധന നടത്തിയാണ് തട്ടിപ്പ് കൈയോടെ പിടികൂടിയത്.
രണ്ടു ലോറികളിലെ സ്പിരിറ്റിന്റെ അളവിലാണ് വ്യത്യാസം കണ്ടെത്തിയത്. 35000 ലിറ്ററിന്റെ ടാങ്കര്‍ ലോറിയിലെ അളവ് കൃത്യമായതിനാല്‍ ഇത് കസ്റ്റഡിയിലെടുത്തില്ല.
ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം പുളിക്കീഴിലെത്തി ലോറി ഡ്രൈവര്‍മാരെ ചോദ്യംചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ടാങ്കര്‍ ലോറിയില്‍ ശാസ്ത്രീയ പരിശോധന നടത്തും. അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അരുണ്‍കുമാറിന്റെ നിര്‍ദേ ശപ്രകാരം മധ്യപ്രദേശിലെ ഫാക്ടറിയില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സേന്തുവായിലെ ലോറി നിര്‍ത്തിയിടുന്ന സ്ഥലത്ത് അബ്ബു എന്നയാളെത്തി സ്പിരിറ്റ് വാങ്ങിയെന്നാണ് ഡ്രൈവര്‍മാര്‍ നല്‍കിയിരിക്കുന്ന മൊഴി.
രണ്ടു വാഹനങ്ങളില്‍നിന്നു മാത്രമാണ് സ്പിരിറ്റ് ഊറ്റിയെടുത്തത്. ഇതിനായി വിദഗ്ധരും അവിടെ എത്തി. ഇ ലോക്ക് ഘടിപ്പിച്ച വാഹനത്തിനു മുകളിലെ പൂട്ടുകള്‍ അറത്തുമാറ്റിയാണ് ആറ് അറകളിലായി സൂക്ഷിച്ചിരിക്കുന്ന ടാങ്കറില്‍നിന്ന് അതീവരഹസ്യമായി ഊറ്റി യത്.
നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ ഓടിച്ചിരുന്ന ടാങ്കര്‍ ലോറികളില്നിന്നുമാണ് സ്പിരിറ്റ് ഊറ്റിയെടുത്ത് മറിച്ചുവിറ്റത്.
ഇത് വിറ്റ വകയില്‍ ലഭിച്ച തുക അരുണ്‍കുമാറിന് കൈമാറാനായി അതാത് വാഹനങ്ങളില്‍തന്നെ സൂക്ഷിച്ചിരുന്നു. നന്ദകുമാറിന്റെ വാഹനത്തില്‍നിന്ന് 6.78 ലക്ഷം രൂപയും, സിജോയുടെ വാഹനത്തില്‍നിന്ന് 3.50 ലക്ഷം രൂപയും കണ്ടെടുത്തു.
ഒരു മാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് ജവാന് റം നിര്‍മിക്കാനായി ഇവിടേക്ക് എത്തുന്നത്. പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ അളവിലും കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും ഇതിനുണ്ടായിരുന്നതായി പറയുന്നു.
സമാനമായ രീതിയില്‍ തട്ടിപ്പ് മുമ്പും നടത്തിയതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.