അന്പലപ്പുഴ: പുറക്കാട് കരൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒന്നാം പ്രതിക്കായി അന്വേഷണം ശകതമാക്കി അന്പലപ്പുഴ പോലീസ്.
കാക്കാഴം നാലു പറ ശ്രീജിത്തിനായാണ് അന്പലപ്പുഴ ഡിവൈ എസ്പി എസ് റ്റി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതിയെ പിടികൂടിയാൽ മാത്രമേ പ്രമാദമായ ഈ കേസിന്റെ ചുരുളഴിക്കാൻ കഴിയൂ.
അന്പലപ്പുഴ, പുറക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഈ സംഘം വൻതോതിലാണ് അനധികൃത വ്യാജ മദ്യ വിൽപ്പന നടത്തിവന്നിരുന്നത്.
ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പെട്ടെന്ന് പണം സന്പാദിച്ച ചില നേതാക്കൾ ഈ രീതിയിൽ മദ്യ വിൽപ്പന നടത്തിയാണ് പണമുണ്ടാക്കിയതെന്നും സംശയമുണ്ട്.
ഒളിവിലായ ഒന്നാം പ്രതിയുമായി അടുത്ത ബന്ധം ഈ നേതാക്കൾക്ക് ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്താണ് ഈ സംഘം വ്യാപകമായി മദ്യ വിൽപ്പന നടത്തിയത്. അന്പലപ്പുഴയിലെ ബാറിൽ നിന്ന് ലോക്ഡൗണ്‍ കാലത്ത് ബില്ലില്ലാതെ വിദേശ മദ്യം വിറ്റഴിച്ചതായി വ്യാപക പരാതി ഉയർന്നിരുന്നു.
ഈ സംഘം വീടുകൾ കേന്ദ്രീകരിച്ച് നിർമിച്ച വ്യാജമദ്യമാണ് ഇത്തരത്തിൽ ബാറിൽ നിന്ന് വിറ്റഴിച്ചതെന്ന് പറയപ്പെടുന്നു. പറവൂരിലെ ബാറിലും ഈ രീതിയിൽ അനധികൃത മദ്യവിൽപ്പന സംഘം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.
കേസിൽ പിടികൂടിയ രണ്ടാം പ്രതി കരുമാടി ലക്ഷം വീട് കോളനിയിൽ രാഹുൽ റിമാന്റിലാണ്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് അന്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഉൗർജിതമാക്കി.
കരൂരിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 750 ലിറ്ററോളം സ്പിരിറ്റും മദ്യം നിറക്കാനുപയോഗിച്ചിരുന്ന പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികളും വിദേശ മദ്യങ്ങളുടെ പേരുകളുള്ള ലേബലുകളും കണ്ടെത്തിയിരുന്നു.
സ്പിരിറ്റിൽ നിറം ചേർത്ത മദ്യം അന്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറുകളിലും നിരവധി വീടുകളിലും വിൽപ്പന നടത്തിയതായി സംശയിക്കുന്നു.
ഇവ കണ്ടെത്തുന്നതിനായി രണ്ട് ബാറുകളിലെയും ഒരു മാസത്തിനിടയ്ക്കുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതായി കേസന്വേഷണ ചുമതലയുള്ള അന്പലപ്പുഴ ഡിവൈ എസ്പി എസ് റ്റി സുരേഷ് കുമാർ പറഞ്ഞു.
രണ്ട് ബാറുകളിലും വ്യാപകമായി ഈ അനധികൃത മദ്യം വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധന കഴിഞ്ഞാലേ അറിയാൻ കഴിയൂ.
ഒരാഴ്ച മുൻപ് പറവൂരിലെ ബാറിൽ നിന്ന് ഒരാൾ വാങ്ങിയ ഡാഡി വിൽസൻ വിദേശ മദ്യത്തിന്റെ സീൽ പൊട്ടിച്ച നിലയിലാണ് ലഭിച്ചത്.
ഞായറാഴ്ചകളിലും മറ്റ് ഡ്രൈഡേകളിലും ഈ വ്യാജമദ്യം നിരവധി വീടുകൾ കേന്ദ്രീകരിച്ചും വിൽപ്പന നടത്തിയിരുന്നു. ഇവർക്ക് സ്പിരിറ്റ് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നാം പ്രതിയെ പിടികൂടിയാൽ മാത്രമേ ലഭിക്കൂ. അതിനിടെ വ്യാജ മദ്യം പിടികൂടിയ പ്രമാദമായ ഈ കേസ് ഇപ്പോൾ കേസിലുൾപ്പെട്ട രണ്ട് പ്രതികളിൽ മാത്രം ഒതുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
കേസിൽ പ്രമുഖരായ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ സമ്മർദവും ഉണ്ടെന്നാണ് വിവരം.