എം.പ്രേംകുമാർ
തിരുവനന്തപുരം: ഇടതുമുന്നണിയേയും സർക്കാരിനേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സ്പ്രിങ്ക്ളർ ഡാറ്റാ കൈമാറ്റം സിപിഐ നേതൃത്വത്തിന്റെയും അറിവോടെ.
വിവാദ കരാറിൽ സർക്കാർ ഏർപ്പെടുന്നതിനു മുന്പു തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നാണു വിവരം.
സർക്കാരിന്റെ ഭരണപരമായ കാര്യമാണെങ്കിൽ പോലും നയപരമായി എടുക്കേണ്ട തീരുമാനമായതിനാൽ ഇക്കാര്യം ഇടതുമുന്നണി പരിശോധിക്കേണ്ടതായിരുന്നു.
എന്നാൽ അതുണ്ടായില്ല. ഇക്കാര്യത്തിൽ ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾക്കെല്ലാം വിയോജിപ്പുണ്ടെങ്കിലും അതു പ്രകടിപ്പിച്ചാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നതിനാൽ തത്കാലം മിണ്ടാതിരിക്കാനാണു തീരുമാനം.
സ്പ്രിങ്ക്ളറുമായുള്ള ഡാറ്റാ കൈമാറ്റ ഇടപാട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റോ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവോ ചർച്ച ചെയ്തിട്ടില്ല. മന്ത്രിസഭാ യോഗത്തിലും സ്പ്രിങ്ക്ളർ ചർച്ചയ്ക്കു വന്നില്ല.
ഇതാണ് ഇപ്പോൾ ഇടതുമുന്നണിക്കുള്ളിലാണെങ്കിലും സംശയങ്ങൾ ജനിപ്പിക്കുന്നത്. കാനം രാജേന്ദ്രനുമായി മാത്രം മുഖ്യമന്ത്രി സംസാരിച്ചതു ശരിയല്ലെന്ന നിലപാടിലാണു സിപിഐയിലെ മറ്റു നേതാക്കൾ.
നയപരമായി എടുക്കേണ്ട തീരുമാനത്തെ വളഞ്ഞ വഴിയിലൂടെ നടപ്പാക്കിയതിന്റെ പരിണിതഫലമാണ് ഇപ്പോൾ സർക്കാരിനും ഇടതുമുന്നണിക്കും കളങ്കമായി തീർന്നിരിക്കുന്നതെന്നാണു സിപിഐ നേതാക്കളുടെ ഭാഷ്യം.
കോവിഡ് 19-ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരും മുഖ്യമന്ത്രിയും ഏറെ പ്രശംസ പിടിച്ചുപറ്റി നിൽക്കേ ഉണ്ടായ സ്പ്രിങ്ക്ളർ വിവാദം സർക്കാരിന്റെ ശോഭ കെടുത്തിയെന്ന അഭിപ്രായവും പൊതുവേ ഇടതു നേതാക്കൾക്കിടയിൽ ഉണ്ട്.
പൊതുവേ ആലസ്യത്തിലായിരുന്ന പ്രതിപക്ഷത്തിനു സ്പ്രിങ്ക്ളർ വിവാദം സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണു സ്പ്രിങ്ക്ളറിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നതും.
അതുവഴി സർക്കാരിനെ പ്രതിസന്ധിയിലാക്കാമെന്നും പ്രതിപക്ഷം കരുതുന്നു. പ്രതിപക്ഷത്തിന്റെ ഈ തന്ത്രം മനസിലാക്കിയാണു വിയോജിപ്പുണ്ടെങ്കിലും ഡാറ്റാ കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കാൻ സിപിഐയും മറ്റ് ഇടതുപാർട്ടികളും നിലപാടെടുത്തിട്ടുള്ളത്.
സ്പ്രിങ്ക്ളർ ഡാറ്റാ കൈമാറ്റത്തെ സംബന്ധിച്ചു സിപിഎം കേന്ദ്ര നേതൃത്വം പാർട്ടി സംസ്ഥാന നേതൃത്വത്തോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ചു സിപിഎം പോളിറ്റ്ബ്യൂറോയും വിശദമായ ചർച്ചയൊന്നും നടത്തിയിട്ടില്ല.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ കുപ്രചരണമായി വിവാദത്തെ കണ്ടാൽ മതിയെന്ന നിലപാടു തന്നെയാണു പാർട്ടി പിബിക്കും.
സ്പ്രിങ്ക്ളർ കന്പനിയുമായുണ്ടാക്കിയ ഡാറ്റാ കൈമാറ്റ കരാറിലെ വ്യവസ്ഥകൾ പാർട്ടി അറിയണമായിരുന്നൂവെന്ന നിലപാടും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കൾക്കുണ്ട്. എന്നാൽ തത്കാലം ഇതു പാർട്ടിക്കുള്ളിൽ ചർച്ചയാക്കേണ്ടെന്ന ധാരണയിലാണു സിപിഎം കേന്ദ്ര നേതൃത്വവും.