തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കള്ളം കൈയോടെ പിടിച്ചതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്കുള്ളത്. അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് മുഖ്യമന്ത്രി നടത്തിയത്. നിയമവകുപ്പോ മന്ത്രിസഭയൊ അറിയാതെ കരാർ എങ്ങനെ ഉണ്ടായി. ഇത് ഗുരുതരമാണ്.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരിക്കണം. താൻ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ സ്പ്രിങ്ക്ളർ ഇടപാട് സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല.
മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും കരാർ സംബന്ധിച്ച് പറയുന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ട്. സ്പ്രിംഗ്ളറുമായി മുഖ്യമന്ത്രി ചർച്ച നടത്തിയോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോവിഡിന്റെ മറവിൽ സർക്കാർ നടത്തുന്ന അഴിമതിയും കൊള്ളയും പുറത്ത് കൊണ്ട് വരികയാണ് പ്രതിപക്ഷം ചെയ്യുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പറയുന്ന പിണറായി വിജയൻ സർക്കാർ ഇപ്പോൾ അമേരിക്കൻ സാമ്രാജത്വത്തെ വാരിപ്പുണരുന്ന കാഴ്ചയാണ് സ്പ്രിങ്ക്ളർ കരാറിലൂടെ കാണുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.