മറ്റുള്ളവരുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്പൈ ആപ്ലിക്കേഷനുകള്‍ രാജ്യവ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേ ടിവിയാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരാളുടെ ഫോണിലേക്കു വരുന്ന കോളുകളും മെസേജുകളും മറ്റൊരാള്‍ക്ക് ലഭിക്കുമെന്നതാണ് ഈ ആപ്പുകളുടെ പ്രത്യേകത. അഞ്ചു മിനിറ്റുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത കാര്യം അറിയാന്‍ സാധിക്കില്ല. ഉദാ. നിങ്ങളുടെ ഫോണ്‍ മറ്റൊരാളുടെ കൈയില്‍ കിട്ടിയെന്നു വിചാരിക്കുക. അയാള്‍ നിങ്ങളുടെ ഫോണില്‍ ഈ സ്പൈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലേക്കു വരുന്ന കോളുകളും മെസേജുകളും ഇന്‍സ്റ്റാള്‍ ചെയ്തയാളുടെ മൊബൈലില്‍ ലഭ്യമാകും. അതും നിങ്ങള്‍ അറിയാതെ.
ഡല്‍ഹിയിലും മുംബൈയിലും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ഡിക്ടറ്റീവുകളാണ് കൂടുതലായും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഇടപാടുകാര്‍ക്കായി അന്വേഷണം നടത്തുന്നതിനായി ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ഇവ കണ്ടെത്താനാവില്ല. 25,000 മുതല്‍ 75,000 വരെയാണ് ഇത്തരം ആപ്പുകള്‍ക്ക് ഒരു വര്‍ഷം ഈടാക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഉയര്‍ത്തുന്ന സുരക്ഷഭീഷണിക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.