തങ്ങളെ മോഷ്ടിക്കാനെത്തിയ കള്ളന്മാരേ അടിച്ചോടിച്ച് സ്ക്വുരൽ കുരങ്ങുകൾ. ന്യൂസിലൻഡിലെ വെല്ലിംഗ്ടണ്‍ മൃഗശാലയിലാണ് സംഭവം. വിപണിയിൽ വലിയ വിലയുള്ളവയാണ് ഈ ഇനം കുരങ്ങുകൾ. രാത്രിയിൽ മൃഗശാലയിലെത്തിയ മോഷണസംഘം കൂടു പൊളിച്ച് ഒരു കുരങ്ങിനെ കൈക്കലാക്കിയതോടെ ബാക്കിയുള്ളവ ചീറിയടുക്കുകയായിരുന്നു.
കന്പിവടിയുൾപ്പെടയുള്ള ആയുധങ്ങൾകൊണ്ട് കള്ളന്മാർ ചെറുത്തെങ്കിലും വാനരശൗര്യത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൈക്കലാക്കിയ കുരങ്ങിനെ തിരികെ കൂട്ടിലിട്ടതോടെയാണ് വാനരസേന ആക്രമണം അവസാനിപ്പിച്ചത്. മൃഗശാല അധികൃതർ സംഭവമറിഞ്ഞത് പിറ്റേന്നാണ്. കൂടു തകർന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ കുരങ്ങുകൾ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയത്.
എന്നാൽ, എല്ലാവരെയും കൂടിനുള്ളിൽത്തന്നെ കണ്ടെത്തി. ചില കുരങ്ങുകൾക്ക് പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുരങ്ങുകൾ ഇപ്പോൾ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ല. മനുഷ്യരോടു തീരെ ഇണക്കം പ്രകടിപ്പിക്കാത്ത സ്കുരൽ കുരങ്ങുകൾ കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്.