സിജോ പൈനാടത്ത്
കൊച്ചി: സിസ്റ്റര്‍ റിന്‍സിക്കു സന്യാസവും സംഗീതവും ആത്മീയതയുടെ ആനന്ദമാണ്. സംഗീതവഴികളിലൂടെ സമര്‍പ്പിതജീവിതത്തിലെ ശുശ്രൂഷാദൗത്യത്തിനു സവിശേഷമായ മാനവും മാധുര്യവും പകരുകയാണു സംഗീതാധ്യാപിക കൂടിയായ ഈ സന്യാസിനി.
സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് (എസ്ഡി) സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ് 2016 മുതല്‍ വേദികളിലും ആല്‍ബങ്ങളിലും സംഗീത പരിപാടി അവതരിപ്പിക്കുന്നു.
ബൈബിള്‍ ആധാരമാക്കി തയാറാക്കിയ കീര്‍ത്തനങ്ങളാണു ശാസ്ത്രീയ സംഗീത രൂപതത്തില് സിസ്റ്റര്‍ റിന്‍സി വേദികളില്‍ അവതരിപ്പിക്കുന്നത്.
എസ്ഡി എറണാകുളം പ്രോവിന്‍സില്‍നിന്നുള്ള സിസ്റ്റര്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍നിന്നു സംഗീതത്തില്‍ ബിരുദം നേടിയശേഷം തൃശൂർ ശ്രീരാമവര്‍മ കോളജില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി.
വയലിനും അഭ്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് എച്ച്എസ്എസിലെ സംഗീതാധ്യാപികയാണ്.
ആര്‍എല്‍വി കോളജില്‍നിന്നു വിരമിച്ച സംഗീത അധ്യാപകന് അബ്ദുള്‍ അസീസാണ്, സിസ്റ്റര്‍ റിന്‍സിയുടെ സംഗീതക്കച്ചേരിക്കായി കീര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയത്.
ക്രിസ്തുദര്ശനങ്ങളെയും ബൈബിള്‍ സന്ദേശങ്ങളെയും പ്രമേയമാക്കി ഇദ്ദേഹം ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങള്‍ മതസൗഹാര്‍ദത്തിന്റെ ഈണങ്ങള്‍ കൂടി ആസ്വാദകര്‍ക്കു സമ്മാനിക്കുന്നു.
സംഗീതത്തിലൂടെ സുവിശേഷ, പ്രേഷിത സന്ദേശങ്ങള്‍ സമൂഹത്തിലെത്തിക്കുകയാണു ലക്ഷ്യമെന്നു സിസ്റ്റര്‍ റിന്‍സി പറയുന്നു. കാലടി സെന്റ് ജോര്‍ജ് പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നു വൈകുന്നേരം ഏഴിന് സിസ്റ്റര്‍ കച്ചേരി അവതരിപ്പിക്കും.
ബിഷപ് മാര്‍ തോമസ് ചക്യത്തിന്റെ രചനയില്‍ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ വിചിന്തനങ്ങളോടെ തയാറാക്കിയ “ആത്മസങ്കീര്‍ത്തനങ്ങള്‍’ എന്ന ആല്‍ബത്തില്‍ കീര്‍ത്തനങ്ങളുടെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നതു സിസ്റ്റര്‍ റിന്‍സിയാണ്.
“സ്വര്‍ഗത്തില്‍നിന്നും’ എന്ന സംഗീത ആല്‍ബത്തിലും സിസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചേര്‍ത്തല പാണാവള്ളി സ്വദേശിനിയാണു സിസ്റ്റര്‍ റിന്‍സി അല്‍ഫോന്‍സ്.