പരിയാരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ മദര്‍തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തില്‍ സിസ്റ്റര്‍ സുഭാഷി എംസി(72) യാണ് മരിച്ചത്. സിസ്റ്ററിന്റെ ചേച്ചി ലീലാമ്മയുടെ മകന് ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47), മകന് ഷിബിന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
കോട്ടയത്തുനിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാര്‍ കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയിലെ ചെറുകുന്ന് പള്ളിച്ചാലില്‍ വച്ച് കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.30നായിരുന്നു അപകടം. മംഗലാപുരത്ത് ഇവര്‍ക്കുള്ള സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്.
മുംബൈയില്‍ നിന്ന് കഴിഞ്ഞദിവസമാണ് സിസ്റ്റര്‍ സുഭാഷി നാട്ടിലെത്തിയത്. പരിക്കേറ്റവരെ കണ്ണപുരം പോലീസ് ഉടന്‍തന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് സിസ്റ്റര്‍ സുഭാഷി മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് ബന്ധുക്കളെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തും.