ബോളിവുഡില്‍ ഒരുപാട് സ്റ്റാര്‍ കിഡ്സുകള്‍ ഉണ്ട്. പ്രത്യേകിച്ച് കഷ്ടപ്പെടാതെ തന്നെ സിനിമാ മേഖലയിലേക്ക് ഇവർ കടന്നുവരുന്നു. അതുകൊണ്ട് നെപ്പോട്ടിസം (സ്വജനപക്ഷപാതം) എന്ന പ്രയോഗം തന്നെ ഹിന്ദി സിനിമയിലുണ്ട്.
അതേസമയം, താരപുത്രിയായി സിനിമയിലെത്തിയിട്ടും കരിയറില്‍ ഫ്ളോപ്പുകളുമായി തുടങ്ങേണ്ടി വരികയും പിന്നീട് സൂപ്പര്‍ താരമായി മാറുകയും ചെയ്ത ഒരു നടി ബോളിവുഡിലുണ്ട്. അതു മറ്റാരുമല്ല, സാക്ഷാൽ ശ്രദ്ധ കപൂർ. ഏറെ പ്രതീക്ഷയുമായി സിനിമയിലെത്തിയ ഈ നടിക്ക് വന്‍ പരാജയമാണ് തുടക്കത്തില്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ഒരൊറ്റ സിനിമയിലൂടെ ഈ നടി സൂപ്പര്‍ താരമാവുകയായിരുന്നു.
ബോളിവുഡിലെ പ്രമുഖ നടനായ ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. ആദ്യ സിനിമ എളുപ്പത്തില്‍ ലഭിച്ചെങ്കിലും ശ്രദ്ധയ്ക്ക് ബോളിവുഡില്‍ അടിയുറച്ച് നില്ക്കാന് വര്‍ഷങ്ങളെടുക്കേണ്ടി വന്നിരുന്നു. സിനിമയിലെത്തുന്നതിന് മുമ്പും ശ്രദ്ധയ്ക്ക് ധാരാളം ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
ശക്തി കപൂര്‍ ബോളിവുഡിലെ സൂപ്പര്‍ താരമൊന്നും അല്ല. അതുകൊണ്ട് മറ്റ് സൂപ്പര്‍ താരങ്ങളുടെ മക്കളെ പോലെയായിരുന്നില്ല ശ്രദ്ധയുടെ ജീവിതം. ജമുനാഭായ് നാര്‍സീ സ്കൂളിലാണ് ശ്രദ്ധ പഠിച്ചിരുന്നത്. പിന്നീട് അമേരിക്കന്‍ സ്കൂള്‍ ഓഫ് ബോംബെയിലേക്കു മാറി. ഇവിടെ ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്റോഫും അതിയ ഷെട്ടിയും ശ്രദ്ധയുടെ സഹപാഠികളായിരുന്നു. 17-ാം വയസില്‍ സല്മാന് ഖാന് അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിക്കായി ഒരു ചിത്രം ശ്രദ്ധയ്ക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ പഠനത്തിന് വേണ്ടി ശ്രദ്ധ അത് ഉപേക്ഷിക്കുകയായിരുന്നു.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജിയാണ് ശ്രദ്ധ പഠിച്ചത്. അതേസമയം പഠന കാലത്ത് ചെറിയ രീതിയില്‍ പണം കണ്ടെത്തുന്നതിനായി കോഫി ഷോപ്പിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. നാല്‍പ്പത് ഡോളറായിരുന്നു അന്ന് ലഭിച്ചിരുന്നത്. തീന് പാറ്റിയാണ് ശ്രദ്ധയുടെ ആദ്യ ചിത്രം. എന്നാല്‍ ബോക്സോഫീസില്‍ ഈ ചിത്രം ദയനീയമായി പരാജയപ്പെട്ടു. അടുത്ത ചിത്രം ലവ് കാ ദി എന്ഡായിരുന്നു. ഇതും പരാജയപ്പെട്ടു. ഇതിനുശേഷം കരിയറില്‍ ഒരു ഗ്യാപ്പ് വന്നിരുന്നു.
എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ ആഷിക്കി 2 ബ്ലോക്ബസ്റ്റര്‍ ആയതോടെ ശ്രദ്ധയുടെ തലവരയും മാറി. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സ്ത്രീ, തൂ ജൂട്ടി മേ മക്കര്‍, ഏക് വില്ലന്‍, എബിസിഡി 2, തുടങ്ങി നിരവധി ഹിറ്റുകളാണ് ശ്രദ്ധയ്ക്ക് ലഭിച്ചത്. ഇന്ന് 120 കോടിയുടെ ആസ്തി നടിക്കുണ്ട്. 60 കോടിയുടെ ബംഗ്ലാവിലാണ് ശ്രദ്ധ താമസിക്കുന്നത്. ഒരു ചിത്രത്തിന് 15 കോടിയാണ് ശ്രദ്ധയുടെ പ്രതിഫലം. സ്ത്രീ 2 എന്ന സീക്വല്‍ ചിത്രത്തിലൂടെ ശ്രദ്ധ വാനോളം പ്രശംസ നേടി നില്‍ക്കുകയാണ് ഇപ്പോൾ.