സിനിമാ മേഖലയിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ് രംഗത്ത്. വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.
ഇനി മുതൽ മറ്റു നായികമാർക്കൊപ്പം അഭിനയിക്കാൻ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല, ഇതോടെ വരുണ്‍ ധവാന്റെ കരിയർ തീർന്നു- എന്നാണ് ശ്രദ്ധ കുറിച്ചത്.
മറ്റൊരു നല്ല നടൻ കൂടി പൊടി പിടിച്ചിരിക്കാൻ പോകുന്നു. അവനെ ഇനി സ്ക്രീനിൽ കാണാൻ കഴിയില്ല എന്നതിൽ സങ്കടമുണ്ട്. മറ്റ് നായികമാർക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും ഭാര്യയും അവളുടെ വീട്ടുകാരും അവനെ വിലക്കും.
ഒരുപക്ഷേ അദ്ദേഹം പുരുഷ കേന്ദ്രീകൃതമായ സിനിമകൾ മാത്രം ചെയ്യുന്നതിലേക്ക് മാറുമോ? എന്നാൽ വ്യക്തിഗത ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകും.
കഠിനമാണ്. നമ്മൾ അവനെ മിസ് ചെയ്യും. അഭിനന്ദനങ്ങൾ, വരുണ്‍ എന്നും ശ്രദ്ധ തന്റെ പോസ്റ്റിലൂടെ പറയുന്നു. വിവാഹം കഴിയുന്നതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാനും നായകൻമാരുമായി അടുത്തിടപഴകാത്ത കഥാപാത്രങ്ങൾ മാത്രം ചെയ്യാനും നിർബന്ധിതരാകുന്ന നായികമാരെ ഉൗന്നിയുള്ള ശ്രദ്ധയുടെ വാക്കുകൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തുകഴിഞ്ഞു .
വിവാഹം കഴിഞ്ഞ നായികമാർ സ്ത്രീ കേന്ദ്രീകത കഥാപാത്രങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നതിനെ കുറിച്ചാണ് ശ്രദ്ധയുടെ വാക്കുകൾ.
ഇതോടൊപ്പം തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ശ്രദ്ധ മറ്റൊരു കുറിപ്പും കൂടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
’പാട്രിയാർക്കിയെ പരിഹസിച്ച് ഞാൻ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു. നിങ്ങൾക്ക് അത് തമാശയായി തോന്നിയില്ലേ? വിവാഹശേഷം ഒരു നടൻ അഭിനയിക്കുന്നില്ലെന്ന് കേട്ടാൽ നിങ്ങൾക്ക് തമാശയായി തോന്നാം.
എന്നാൽ വിവാഹത്തിന് ശേഷം ഒരു അഭിനേത്രി സിനിമാരംഗത്ത് നിന്ന് പിൻവാങ്ങുന്നുവെന്ന് കേട്ടാൽ എന്താ നിങ്ങൾക്ക് തമാശയായി തോന്നാത്തത് ? എന്നായിരുന്നു ശ്രദ്ധയുടെ മറ്റൊരു കുറിപ്പ്.
ജനുവരി 25നായിരുന്നു ബോളിവുഡ് നടൻ വരുണ്‍ ധവാന്റെ വിവാഹം. സ്കൂൾകാലം മുതലുള്ള തന്റെ സുഹൃത്തും ഫാഷൻ ഡിസൈനറുമായി നടാഷ ദലാലാണ് വരുണിന്റെ വധു.