മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ അമ്മയെ രക്ഷിക്കാന്‍ മകള്‍ ചെയ്ത പ്രവര്‍ത്തി വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് സിനിമയെ വെല്ലുന്ന സംഭവമായി മാറി.
കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ കാലില്‍ നിന്ന് വിഷം വായില്‍ വലിച്ചെടുക്കുകയായിരുന്നു. ശ്രാമ്യ റായ് എന്ന വിദ്യാര്‍ഥിനിയാണ് അമ്മ മമതറായിയുടെ കാലില്‍ നിന്ന് വിഷം പുറത്തെടുത്തത്.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലാണ് സംഭവം. ശ്രാമ്യ പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജിലെ വിദ്യാര്‍ഥിനിയും അമ്മ മമത റായി പുത്തൂര്‍ കെയ്യൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്.
പുത്തൂരിലെ തന്നെ അമ്മയുടെ കൃഷിയിടം സന്ദര്‍ശിക്കാനെത്തിയതായിരുന്നു മമത. വാട്ടര്‍ പമ്പ് ഓണാക്കാന്‍ അവര്‍ ഫാമിലേക്ക് പോയി തിരിച്ചുപോകുമ്പോള്‍ അവര്‍ അബദ്ധത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ ചവിട്ടി. ഉടനെ പാമ്പ് അവരുടെ കാലില്‍ കടിച്ചു.
വിഷപ്പാമ്പിന്റെ കടി ഏറ്റാലുടന്‍, ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലേക്ക് വിഷം പടരാതിരിക്കാന്‍ കടിച്ച ഭാഗത്തിന് മുകളില്‍ ശക്തിയായി വരിഞ്ഞു കെട്ടാറുണ്ട്. അങ്ങനെ അവിടെ കൂടിയവര്‍ പാടത്ത് നിന്നും ഉണങ്ങിയ പുല്ലു കൊണ്ട് കെട്ടി.
അമ്മയുടെ ജീവന് രക്ഷിക്കാന്‍ മമതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പ് ശ്രാമ്യ വിഷം വായകൊണ്ട് വലിച്ചെടുത്ത് തുപ്പി.
അമ്മയുടെ കാലിലെ മുറിവില്‍ കടിച്ചു ശ്രാമ്യ രക്തം അടക്കം വലിച്ചപ്പോള്‍ കണ്ടു നിന്ന ഗ്രാമവാസികള്‍ അലറി നിലവിളിച്ചു ശ്രമ്യയെ തടുത്തു.
കാരണം കടിച്ചു വലിക്കുമ്പോള്‍ പാമ്പിന്റെ വിഷം വായിലായാല്‍ ജീവഹാനി അടക്കം സംഭവിക്കാനുള്ള സാധ്യത ഉള്ളതിനാല്‍. എന്നാല്‍ ശ്രാമ്യ അത് കേട്ടില്ല. അവള് അമ്മയുടെ കാലിലെ പാമ്പിന്റെ വിഷവും രക്തവുമടക്കം വലിച്ചു തുപ്പി.
ശ്രാമ്യയുടെ സമയോചിതമായ നടപടിയാണ് മമതയുടെ ജീവന് രക്ഷിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോളേജിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ് റേഞ്ചര്‍ കൂടിയാണ് ശ്രാമ്യ എന്ന മിടുക്കി.