കൊച്ചി: എറണാകുളം സൗത്തില്‍ തീപിടിത്തമുണ്ടായ ആക്രി ഗോഡൗണില്‍ ഫോറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഇന്നലെ ഗോഡൗണിലെത്തി പരിശോധന നടത്തിയിരുന്നു.
സംഭവത്തില്‍ അഗ്നിരക്ഷാസേന ഫയര്‍ റിപ്പോര്‍ട്ട് തയാറാക്കും. തീപിടിത്തത്തില്‍ എന്തെല്ലാം സാധനങ്ങളാണ് നശിച്ചത്, തീപിടിത്തത്തിന്റെ കാരണം തുടങ്ങിയവ റിപ്പോർട്ടിലുണ്ടാകും.തീപിടിത്തത്തില്‍ 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രി ഗോഡൗണ്‍ ഉടമ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. ഗോഡൗണിന് അകത്തുണ്ടായിരുന്ന നേപ്പാള്‍ സ്വദേശികളായ എട്ട് തൊഴിലാളികളെയും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഗോഡൗണിന് സമീപത്തെ വീടിലേക്കും തീപടര്‍ന്നിരുന്നു.