വിഴിഞ്ഞം: തീരത്ത് എത്തിയ കൂറ്റൻ വെള്ളുടുമ്പ് സ്രാവ് കമ്പവലയിൽ കുടുങ്ങി. വല പൊട്ടിച്ച് രക്ഷപ്പെട്ട സ്രാവ് തിരയിൽപ്പെട്ട് കരക്കടിഞ്ഞ് ചത്തു.
ഇന്നലെ ഉച്ചയോടെ കരിംകുളം തീരത്താണ് മൂവായിരത്തോളം കിലോ തൂക്കം വരുന്ന മീൻ കരക്കടിഞ്ഞത്. ഉൾക്കടലിൽ മാത്രം ജീവിക്കുന്ന മത്സ്യം കൂട്ടം തെറ്റിയെത്തിയതാകാമെന്ന് അധികൃതർ പറയുന്നു.
സംരക്ഷണ വിഭാഗത്തിൽപ്പെട്ട സ്രാവ് ഭക്ഷ്യയോഗ്യവുമല്ല. ഇന്നലെ ഉച്ചയോടെ കരമടി വലിക്കുകയായിരുന്ന ജോസഫ് പൊന്നയ്യൻ എന്നയാളുടെ വലയിലാണ് മത്സ്യ ഭീമൻ കുടുങ്ങിയത്.
വലയും തകർത്ത് പോയ മീൻ മണിക്കൂറുകൾക്കുള്ളിൽ കരയിലേക്ക് തിരിച്ച് കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
വിവരമറിഞ്ഞെത്തിയ പൂവാർ തീരദേശ പോലീസ് വനം വകുപ്പ് അധികൃതരെ അറിയിച്ചു. ഓഫീസർമാരായ ജി.എസ്. റോഷ്നി , ആർ.രഞ്ജിത് എന്നിവരെത്തി മേൽനടപടി സ്വീകരിച്ചു.
ജെസിബിയുടെയും നാട്ടുകാരുടെയും സഹായത്തോടെ കരക്ക് കയറ്റിയ സ്രാവിനെ കരിംകുളം മൃഗാശുപത്രിയിലെ ഡോക്ടർ സുനിലിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി.തുടർന്ന് വൈകുന്നേരത്തോടെ സമീപത്ത് കുഴിച്ച് മൂടി.