മുംബൈ: എൽഗാർ പരിഷത്തുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്ന് അറസ്റ്റിലായ ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ. സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.
മുംബൈ ഹോളിഫാമിലി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻനിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. 84 കാരനായ ഫാ.സ്റ്റാൻ സ്വാമി ഗുരുതരാവസ്ഥയിലാണെന്ന് സഹപ്രവർത്തകനായ ഫാ. ജോസഫ് സേവ്യർ സ്ഥിരീകരിച്ചു.
ഫാ.സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
അറസ്റ്റിലായ 2020 ഒക്ടോബർ മുതൽ മുംബൈയിലെ തലോജ ജയിലിൽ കഴിയുകയായിരുന്ന വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം നേരത്തേ സബർബൻ ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
പാർക്കിൻസൺ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാൻ സ്വാമി നൽകിയ ഹർജിയെത്തുടർന്നാണിത്.
സ്വകാര്യാ ശുപത്രിയിൽ പരിശോധനയ്ക്കിടെ ഫാ.സ്റ്റാൻ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
ആരോഗ്യസ്ഥിതി ഉൾപ്പെടെ പരിഗണിച്ച് ജാമ്യം നൽകണമെന്ന ഹർജി സമയക്കുറവ് മൂലം വൈള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നില്ല.
ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നതുവരെ ഫാ.സ്റ്റാൻ സ്വാമി ആശുപത്രിയിൽ തുടരട്ടെയെന്ന് കോടതി നിർദേശിക്കുകയായിരുന്നു.