സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ 26 വയസുകാരി യുവതിക്കു നേരേ കൊടുംക്രൂരത. ജീവിതപങ്കാളിയായ യുവതിയെ അഫ്താബ് അമീൻ പൂനാവാല എന്ന 28കാരനായ യുവാവ് കൊലപ്പെടുത്തി മൃതശരീരം 35 കഷണങ്ങളാക്കി വലിച്ചെറിഞ്ഞു.
ഡൽഹിയിലെ മെഹ്റോളി പ്രദേശത്തുള്ള കാടിനുള്ളിൽ ദിവസവും രാത്രി വൈകി ഇയാൾ ശരീര ഭാഗങ്ങൾ മറവു ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയെ ഡൽഹി പോലീസ് അഞ്ചു ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
ജീവിതപങ്കാളിയായിരുന്ന ശ്രദ്ധ വാക്കറെന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്നു മേയ് 18നാണ് അഫ്താബ് കൊലപാതകം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
പിന്നീട് ശരീരഭാഗങ്ങൾ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീടുള്ള 18 ദിവസങ്ങളിൽ മെഹ്റോളിയിലെ വനത്തിനുള്ളിൽ വിവിധയിടങ്ങളിലായി ഇയാൾ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ മറവ് ചെയ്തു.
മുംബൈയിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്പോഴാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഏപ്രിൽ അവസാനത്തോടെ ഡൽഹിയിൽ എത്തുന്ന ഇവർ മെഹ്റോളിയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
മേയ് പകുതിയോടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടുമാസത്തിനു മുകളിലായി ശ്രദ്ധയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തിനെ തുടർന്ന് സുഹൃത്ത് ശ്രദ്ധയുടെ സഹോദരനെ സെപ്റ്റംബറിലാണ് വിവരം അറിയിക്കുന്നത്. തുടർന്ന് ശ്രദ്ധയുടെ അച്ഛൻ നവംബറിൽ മുംബൈ പോലീസിനു പരാതി നൽകുന്നു.
അന്വേഷണത്തിൽ ശ്രദ്ധയുടെ മൊബൈൽ ഫോണ് ലൊക്കേഷൻ അവസാനമായി ഡൽഹിയാലായിരുന്നുവെന്നു കണ്ടെത്തിയ മുംബൈ പോലീസ് കേസ് ഡൽഹി പോലീസിന് കൈമാറി.
മകളെ അന്വേഷിച്ചു നവംബർ എട്ടിന് ഡൽഹിയിൽ എത്തിയ അച്ഛൻ വികാസ് മദൻ വാക്കർ ഫ്ളാറ്റ് പൂട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് മെഹ്റോളി പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് കേസ് ഫയൽ ചെയ്തു.
പങ്കാളിയായ പൂനാവാല തന്നെ മർദിച്ചിരുന്നതായി മകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വികാസ് വാക്കർ പരാതിയിൽ ചേർത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ഡൽഹി പോലീസ് അഫ്താബിനെ അറസ്റ്റ് ചെയ്യുന്നത്.
ചോദ്യം ചെയ്യലിൽ ശ്രദ്ധ വിവാഹത്തിനായി തന്നെ നിരന്തരം നിർബന്ധിച്ചിരുന്നതായും ഇതിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിനു കാരണമായതെന്നും അഫ്താബ് സമ്മതിച്ചു.
ശരീരഭാഗങ്ങൾ പോലീസ് കണ്ടെടുത്തെങ്കിലും ഇനിയും തിരിച്ചറിയാനായിട്ടില്ല. കൊലപാതകത്തിനുപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടില്ല.