കൊച്ചി: സ്കോട്ട് ലൻഡ് ക്രിക്കറ്റ് ലീഗിൽ കളിക്കുന്നതിനു തന്നെ അനുവദിക്കുമോ ഇല്ലെയോ എന്നതു സംബന്ധിച്ച് ബിസിസിഐ ഒന്നും തന്നെ അറിയിച്ചിട്ടില്ലെന്നു ശ്രീശാന്ത് രാഷ്ട്രദീപികയോടു പറഞ്ഞു. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അനുവദിക്കണമെന്നു കാണിച്ച് ഇതുവരെ താൻ നൽകിയ അപേക്ഷകൾക്കൊന്നും ബിസിസിഐ ഒരു മറുപടിയും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷനും ഇതുവരെ ഒരു അറിയിപ്പും നൽകിയിട്ടില്ല.
തനിക്ക് ഇപ്പോഴും സ്കോട്ട് ലൻഡിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബിസിസിഐ എൻഒസി എന്നു തരുന്നോ അന്നു സ്കോട്ട് ലൻഡിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മൂന്നു വർഷം മുന്പു തന്നെ വിലക്കിയതു സംബന്ധിച്ച നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
അതേസമയം, ഏപ്രിൽ അവസാനം ആരംഭിക്കുന്ന സ്കോട്ടിഷ് ലീഗിൽ കളിക്കണമെങ്കിൽ 90 ദിവസം മുന്പെങ്കിലും ടീമിനൊപ്പം ചേരണമെന്നാണ് നിയമം. അതനുസരിച്ച് 29 എങ്കിലും ശ്രീശാന്തിനു അവിടെയെത്തണം. ടീമിനൊപ്പം ചേരാൻ വൈകുന്നതിനനുസരിച്ച് ശ്രീശാന്തിനു മത്സരങ്ങളും നഷ്ടമാകും. എങ്കിലും എൻഒസി ലഭിച്ച് പോകാൻ സാധിക്കുമെന്നു തന്നെയാണ് ശ്രീശാന്ത് പ്രതീക്ഷിക്കുന്നത്.
ഒത്തുകളി വിവാദത്തിൽപ്പെട്ട് ക്രിക്കറ്റിൽ നിന്നു വിലക്കിയതിനെത്തുടർന്ന് സിനിമയും മറ്റുമായി തിരക്കിലായിരുന്നു ശ്രീശാന്ത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്നു മത്സരിക്കുകയും ചെയ്തു. കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതോടെ ക്രിക്കറ്റിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലായിരുന്നു താരം. ഇതിനിടയിലാണ് സ്കോട്ടിഷ് ലീഗിൽ നിന്നുള്ള വിളി എത്തുന്നത്. വിലക്കുള്ളതിനാൽ ബിസിസിഐയുടെയോ കെസിഎയുടെയോ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താൻ ആകുമായിരുന്നില്ല.
തുടർന്ന് പഴയ ടീമായ മുത്തൂറ്റിന്റെ ഗ്രൗണ്ടിൽ അവരുടെ സൗകര്യങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തി വരികയായിരുന്നു ശ്രീശാന്ത്. കളിക്കാൻ പൂർണമായി തയാറെടുത്തിരുന്നെങ്കിലും ബിസിസിഐയുടെ നിസഹകരണം ശ്രീശാന്തിന്റെ കരിയറിൽ വീണ്ടും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. സ്കോട്ട് ലൻഡിൽ കളിക്കാനാകുന്നതിന്റെ സന്തോഷം ശ്രീശാന്ത് ഫേസ്ബുക്കിലും കുറിച്ചിരുന്നു.