മാനന്തവാടി: വയനാട്ടിൽനിന്ന് സിവിൽ സർവീസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ട്രെയിനിയായി നിയമിതയായി. ശ്രീധന്യ ഉടൻ തന്നെ ചുമതലയേൽക്കും. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് നേടിയത്.
കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ കേരളത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് നേടുന്നയാളെന്ന നേട്ടവും ഇതോടെ സ്വന്തമാക്കിയിരുന്നു. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനി സുരേഷ് കമല ദന്പതികളുടെ മകളാണ് ശ്രീധന്യ.
സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. 85 ശതമാനം മാർക്കോടെ തരിയോട് നിർമല ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് എസ്എസ്എൽസി പാസായത്.
തരിയോട് ഗവ. ജിഎച്ച്എസ്എസിൽനിന്ന് പ്ലസ് ടുവും കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും അപ്ലൈഡ് സുവോളജിയിൽ കലിക്കറ്റ് സർവകലാശാല ക്യാന്പസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി.
തുടർന്ന് എട്ടു മാസത്തോളം വയനാട് എൻ ഉൗര് ടൂറിസം പദ്ധതിയിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. തുടന്നാണ് സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ചേർന്നത്. സഹോദരി സുശിത സുരേഷ് പാലക്കാട് കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. സഹോദരൻ ശ്രീരാഗ് സുരേഷ്.