വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ബിസിസിഐ വിലക്ക് കേരള ഹൈക്കോടതി പിന്‍വലിച്ചശേഷം മുംബൈ മിറര്‍ പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ശ്രീ ആഗ്രഹം വെളിപ്പെടുത്തിയത്. എന്നാല്‍ ശ്രീയുടെ മോഹം പൂവണിയാന്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന സൂചനയാണ് ബിസിസിഐ നല്കുന്നത്.
അതേസമയം ബിസിസിഐ തന്നോട് ശത്രുതാമനോഭാവത്തോടെ പെരുമാറില്ലെന്നാണ് പ്രതീക്ഷ ശ്രീശാന്ത് പങ്കുവെക്കുന്നു. ഹൈക്കോടതി വിധിക്ക് ശേഷവും ബിസിസിഐ മെല്ലപ്പോക്ക് തുടരുകയാണെങ്കിലും കുറച്ചുദിവസം കൂടി ക്ഷമിക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. വീണ്ടുമൊരു നിയമപ്പോരാട്ടം ആവശ്യമുണ്ടാവില്ലെന്നാണ് ശ്രീയുടെ പ്രതീക്ഷ. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ ഇടപെടല്‍ ശ്രീയുടെ തിരിച്ചുവരവില്‍ നിര്‍ണായകമാകും.