തൃശൂർ: പ്രത്യാശയും പ്രണയവും, വിരഹവും ഉള്ളുലയ്ക്കാത്ത സൗഹൃദങ്ങളും പകർന്നുനൽകി ശ്രീ കേരളവർമ കോളജ് യൗവനം കൈവിടാതെ 71-ാം വയസിലേക്ക്. അളന്നുകുറിക്കാനാകാത്ത സാഫല്യമാണ് കേരളവർമ. ഏഴു പതിറ്റാണ്ടിനിടെ ഇവിടെ ജീവിച്ച പലർക്കും പലതായിരുന്നു കേരളവർമയെന്ന വടവൃക്ഷം.
പൊതുപ്രവർത്തകർ, കായികതാരങ്ങൾ, ഭാഷാപണ്ഡിതർ, ശാസ്ത്രകുതുകികൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവർക്കും കേരളവർമ വെളിച്ചമായി. പുറംലോകത്തേയ്ക്ക് തുറന്നുവെച്ച വാതായനങ്ങൾ കേരളവർമയെ മറ്റുകാന്പസുകളിൽനിന്നു വ്യത്യസ്തമാക്കി. മറ്റ് കലാലയങ്ങളിൽ പഠിക്കുന്പോഴും കേരളവർമയുടെ തണൽ തേടി വന്നവർ നിരവധി.
ദിവാൻ ബഹദൂർ കോമാട്ടിൽ അച്യുതമേനോൻ, ടി.കെ. വാസുദേവ മേനോൻ എന്നിവരുടെ ശ്രമഫലമായാണ് 1947 ഓഗസ്റ്റ് 11ന് കോളജ് സ്ഥാപിതമായത്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർ ഉന്നതവിദ്യാഭ്യാസമെന്ന ആഗ്രഹപൂർത്തീകരണത്തിനായി വലിയ സൗകര്യമില്ലാതെ അലയുന്ന സമയമായിരുന്നു അത്. അവരുടെ വിഷമങ്ങൾ മനസിലാക്കിയ വാസുദേവ മേനോൻ കൊച്ചി രാജകുടുംബത്തിലെ കേരളവർമ തന്പുരാനെ സമീപിക്കാൻ തീരുമാനിച്ചു.
കേരളവർമയുടെ ജന്മദിനത്തിന് അദ്ദേഹത്തിന് വാസുദേവ മേനോൻ അയച്ച കത്തിൽ തൃശൂരിൽ ഒരു കോളജ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും, കാനാട്ടുകരയിലെ മെറി ലോഡ്ജ് പാലസ് കോളജ് തുടങ്ങുന്നതിനായി വിട്ടുനൽകണമെന്നും ബോധ്യപ്പെടുത്തി. ഇത് വായിച്ച കേരളവർമ വാസുദേവ മേനോനെ കൊട്ടാരത്തിലേക്കുവിളിപ്പിച്ച് സമ്മതം അറിയിച്ചു.
മദ്രാസ് സർവകലാശാലയിലായിരുന്നു ആദ്യം കോളജ് അഫിലിയേറ്റ് ചെയ്തത്. മഹാരാജാസ് കോളജ് പ്രിൻസിപ്പലായിരുന്ന കവിതിലകൻ പ്രഫ.കെ.പി ശങ്കരൻ നന്പ്യാരെയാണ് കമ്മിറ്റി പ്രിൻസിപ്പലായി തിരഞ്ഞെടുത്തത്. മാലതി എന്ന വിദ്യാർഥിക്ക് പ്രവേശനം നൽകി കോളജ് പ്രവർത്തനം തുടങ്ങി. മാലതി പിന്നീട് പ്രഫ. മാലതിയായി കേരളവർമയിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ചു.
തിരു-കൊച്ചി സംയോജനത്തെത്തുടർന്ന് 1949 ജൂലൈ ഒന്നിനാണ് കോളജ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാകുന്നത്. കേരളത്തിൽ മറ്റെവിടേയും സംഗീതബിരുദ കോഴ്സ് ഇല്ലാതിരുന്ന കാലത്ത് കേരളവർമ സംഗീതത്തിൽ ബിരുദം ആരംഭിച്ചു. 1968ലാണ് കോളജ് കാലിക്കട്ട് സർവകലാശാലയിലേയ്ക്ക് അഫിലിയേറ്റ് ചെയ്യുന്നത്.
കോളജ് അറിയപ്പെട്ടത് കേരളവർമയുടെ പേരിലാണെങ്കിലും കോളജിന്റെ യഥാർത്ഥ അവകാശി കൊച്ചി രാജ്യത്തെ സ്ഥാനത്യാഗം ചെയ്ത തന്പുരാൻ രാമവർമയാണ്. രാജർഷി എന്നറിയപ്പെട്ടിരുന്ന രാമവർമ മഹാരാജാവ് താമസിച്ചിരുന്ന വേനൽക്കാല വസതിയാണ് അദ്ദേഹത്തിന്റെ അനന്തിരവൻ കേരളവർമ തന്പുരാൻ കോളജിനായി വിട്ടുനൽകിയത്.
1932 ജനുവരി 29ന് അന്തരിച്ച രാമവർമയുടെ ശവകുടീരം ഇപ്പോഴും കാന്പസിലുണ്ട്. ഇവിടെ പുഷ്പാർച്ചന നടത്തിയാണ് കേരളവർമ എക്കാലവും സ്ഥാപിതദിനാഘോഷത്തിന് തുടക്കമിടുക. ആറ് പെണ്‍കുട്ടികൾ ഉൾപ്പെടെ 150 വിദ്യാർത്ഥികളുമായി 1947ൽ ആരംഭിച്ച കോളജിൽ ഇപ്പോൾ 1679 പെണ്‍കുട്ടികളും 864 ആണ്‍കുട്ടികളും ഉൾപ്പെടെ 2543 വിദ്യാർഥികളാണ് പഠിക്കുന്നത്.
17 ബിരുദ കോഴ്സുകളും എട്ട് പി.ജി കോഴ്സുകളും മൂന്ന് റിസർച്ച് സെന്ററുകളുമായി കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിയിലെ മികച്ച അറിവിന്റെ കേന്ദ്രമായി പിന്നിട്ട ഏഴു പതിറ്റാണ്ടിനുള്ളിൽ കേരളവർമ മാറിക്കഴിഞ്ഞു. 97 അധ്യാപകരിൽ 54 പേർ ഗവേഷണ ബിരുദമുള്ളവരാണ്.
ഇന്ന് പിറന്നാൾ, ആഘോഷങ്ങളില്ല
കേരളവർമയുടെ 71-ാം സ്ഥാപിതദിനാഘോഷം ഇന്ന് ലളിതമായി നടത്തും. നാളെ നടത്താൻ തീരുമാനിച്ച സപ്തതി ആഘോഷം സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ തത്കാലത്തേക്കു മാറ്റിവച്ചു.