ഒടുവില്‍ സ്വന്തം പേരിലുള്ള സര്‍വകലാശാലയില്‍ ശങ്കരാചാര്യര്‍ക്ക് പ്രതിമയായി; ഇടതു സംഘടനകളുടെ എതിര്‍പ്പുകളെ മറികടന്ന് പ്രതിമ അനാച്ഛാദനം ചെയ്തത് വിദ്യാഭ്യാസ മന്ത്രി

rrrrകൊച്ചി: ഏറെനാളത്തെ സംഘര്‍ഷത്തിനൊടുവില്‍ അതു യാഥാര്‍ഥ്യമായി. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഇനി ശങ്കരാചാര്യരുടെ പ്രതിമ വിളങ്ങും. സര്‍വകലാശാലയില്‍ ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത ഇടത് അധ്യാപക-വിദ്യാര്‍ഥി സംഘടകളെ കാഴ്ചക്കാരാക്കി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആവശ്യം മറികടന്നാണ് മന്ത്രിയെത്തിയത്. രാവിലെ 8.30നായിരുന്നു ചടങ്ങ്. ഇടതു പക്ഷക്കാരനായ മന്ത്രി  മുഹൂര്‍ത്തം നോക്കിയാണ് ചടങ്ങു നടത്തിയതെന്നും ആക്ഷേപമുണ്ട്.

ഇടതു സംഘടകളെ പരിഹസിച്ചും മന്ത്രിയെ പ്രശംസിച്ചും കൊണ്ട് യുവമോര്‍ച്ചയും എബിവിപിയും ക്യാമ്പസിലാകെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഉദ്ഘാടന സമയത്ത് പ്രതിഷേധവുമായി എഐഎസ്എഫ് രംഗത്തെത്തിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. തൃശൂര്‍ കേരളവര്‍മ കോളജിലെ ആല്‍ത്തറ ക്ഷേത്രം പോലെ ഭാവിയില്‍ ഇത് മാറിയേക്കാമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇടതു സംഘടനകളുടെ പ്രതിഷേധം.

കാലടി സര്‍വകലാശാലയില്‍ എം.സി റോഡിനരുകില്‍ പുതുതായി നിര്‍മിച്ച കവാടത്തിനോട് ചേര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് അടുത്ത് ശങ്കരാചാര്യരുടെ പ്രതിമയുണ്ടെന്നും ഇവിടെയിപ്പോള്‍ ആരാധന തകൃതിയായി നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിമ അനാച്ഛാദനത്തെ ഇടതു സംഘടനകള്‍ എതിര്‍ത്തത്. പ്രതിമ സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന അധ്യക്ഷ്യന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്തായാലും ആരെങ്കിലും ശങ്കരാചാര്യരെ ആരാധിക്കാന്‍ തയ്യാറാവുമോയെന്ന് വരും നാളുകളില്‍ കാണാം.

Related posts