ഭുവനേശ്വർ: കേരളത്തിന്റെ ശ്രീയായി പാലക്കാട് കഞ്ചിക്കോടുകാരനായ എം. ശ്രീശങ്കർ എന്ന കൗമാരതാരം. 58-ാമത് ദേശീയ ഓപ്പണ് അത്ലറ്റിക്സിൽ പുരുഷന്മാരുടെ ലോംഗ് ജംപിൽ ദേശീയ റിക്കാർഡോടെ സ്വർണം നേടി ശങ്കു എന്ന ഓമനപ്പേരുകാരനായ ഈ പത്തൊന്പതുകാരൻ.
ആഴ്ചകൾക്ക് മുന്പ് ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ലോംഗ് ജപിൽ 7.95 മീറ്റർ താണ്ടി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഈ കൗമാരതാരം ഒരു വാക്ക് പറഞ്ഞിരുന്നു: ഞാൻ തിരിച്ചുവരും. അതെ ശ്രീ തിരിച്ചെത്തി അതും ഒരു സ്ഫോടനാത്മക പ്രകടനത്തോടെ. 8.20 മീറ്റർ താണ്ടിയാണ് എസ്. ശ്രീശങ്കർ ലോംഗ്ജംപിൽ സ്വർണം നേടിയത്. മീറ്റിൽ കേരളത്തിന്റെ ആദ്യ സ്വർണമാണിത്.
ഇന്ത്യയുടെ മുൻ ട്രിപ്പിൾജംപ് താരം എസ്. മുരളിയുടെയും 800 മീറ്റർ ഓട്ടക്കാരിയായിരുന്ന കെ.എസ്. ബിജിമോളുടെയും മകനാണ് ശങ്കു എന്ന ഓമനപ്പേരുകാരനായ ശ്രീശങ്കർ. യൂത്ത് അണ്ടർ 18ൽ ലോക അഞ്ചാം റാങ്കുകാരനായിരുന്നു ശ്രീ. 1989 സാഫ് ഗെയിംസിൽ ഇന്ത്യക്കായി ട്രിപ്പിൾജംപിൽ വെള്ളി നേടിയ താരമാണ് മുരളി. മുരളിയുടെ ശിക്ഷണത്തിലാണ് ശ്രീശങ്കർ ലോംഗ്ജംപ് പരിശീലിക്കുന്നത്.
ഉത്തർപ്രദേശിന്റെ അങ്കിത് ശർമ 2016ൽ സ്ഥാപിച്ച 8.19 മീറ്റർ എന്ന ദേശീയ റിക്കാർഡാണ് ശ്രീശങ്കറിന്റെ പ്രകടനത്തിൽ പഴങ്കഥയായത്. 2014 അങ്കിത് ശർമ സ്ഥാപിച്ച 7.87 ആയിരുന്നു ഓപ്പണ് അത്ലറ്റിക്സിലെ മീറ്റ് റിക്കാർഡ്. ആദ്യ ചാട്ടത്തിൽത്തന്നെ ശ്രീശങ്കർ 7.95 മീറ്റർ താണ്ടി മീറ്റ് റിക്കാർഡ് മറികടന്നു.
രണ്ടാം ശ്രമം ഫൗൾ. മൂന്നാം ശ്രമത്തിൽ 8.11 മീറ്റർ. നാലാം ശ്രമം ഫൗളിൽ കലാശിച്ചെങ്കിലും അഞ്ചാം ശ്രമത്തിൽ 8.20ലേക്ക് ശ്രീ പറന്നിറങ്ങി. അങ്കിത് ശർമയും ഉണ്ടായിരുന്നെങ്കിലും ഫൗളിനെത്തുടർന്ന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. റെയിൽവേസിനായി ഇറങ്ങിയ വി.ഒ. ജിനേഷിനാണ് (7.95 മീറ്റർ) വെള്ളി. ഹരിയാനയുടെ ഷഹിൽ മഹാബലി (7.81 മീറ്റർ) വെങ്കലം കരസ്ഥമാക്കി.
സൂര്യക്ക് ഡബിൾ
10000 മീറ്ററിൽ സ്വർണം നേടിയ എൽ. സൂര്യ വനിതകളുടെ 5000 മീറ്ററിലും പ്രകടനം ആവർത്തിച്ചു. റെയിൽവേയുടെ താരമായ സൂര്യ 16:10.35 സെക്കൻഡിലാണ് സ്വർണം നേടിയത്. റെയിൽവേയുടെ പരൂൾ ചൗധരി വെള്ളിയും എൽഐസിയുടെ മോണിക്ക വെങ്കലവും നേടി.
പുരുഷന്മാരുടെ 5000 മീറ്ററിൽ ഗുജറാത്തിന്റെ മുരളികുമാർ ഗവിതിനാണ് സ്വർണം. 14:35.96 സെക്കൻഡിലാണ് മുരളികുമാർ ഫിനിഷിംഗ് ലൈൻ തൊട്ടത്. റെയിൽവേസിന്റെ അഭിഷേക് പാൽ വെള്ളിയും സർവീസസിന്റെ മാൻ സിംഗ് വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ പോൾവോൾട്ടിൽ കർണാടകയുടെ ഖയതി വഖാരിയ (4.00 മീറ്റർ) സ്വർണം നേടി. വനിതകളുടെ ഡിസ്കസ്ത്രോയിൽ റെയിൽവേസിന്റെ കമൽപ്രീത് കൗറിനാണ് സ്വർണം.
ടോക്കിയോ ഒളിന്പിക് പ്രതീക്ഷ
2020 ഒളിന്പിക്സിൽ ഇന്ത്യക്ക് മെഡൽ സമ്മാനിക്കാൻ പ്രാപ്തിയുള്ള താരമാണ് താനെന്ന് ശ്രീശങ്കർ വ്യക്തമാക്കി. കാര്യങ്ങൾ അനുകൂലമാണെങ്കിൽ ശ്രീശങ്കറിന് ടോക്കിയോ ഒളിന്പിക്സിൽ മെഡൽ നേടാൻ സാധിക്കും. ടോക്കിയോ ഒളിന്പിക്സിൽ മെഡൽ നേടുകയാണ് തന്റെ സ്വപ്നമെന്ന് റിക്കാർഡ് സ്വർണ നേട്ടത്തിനുശേഷം ശ്രീശങ്കർ വ്യക്തമാ ക്കുകയും ചെയ്തിട്ടുണ്ട്.
2016 റിയൊ ഒളിന്പിക്സിൽ അമേരിക്കയുടെ ജെഫ് ഹെൻഡേഴ്സണ് 8.38 മീറ്ററുമായി ആണ് സ്വർണം നേടിയത്. അന്ന് ഫൈനൽ പോരാട്ടത്തിൽ എട്ട് മീറ്റർ കടന്നത് എട്ട് പേർ മാത്രം. നിലവിൽ ചാടിയ ദൂരംവച്ച് കണക്കാക്കിയാൽ സെന്റീമീറ്ററുകളേ ശ്രീശങ്കറിന് ഒളിന്പിക്സ് മെഡലിലേക്കുള്ളൂ. 1991ൽ അമേരിക്കയുടെ മൈക്ക് പവൽ ചാടിയ 8.95 മീറ്റർ ആണ് ലോകറിക്കാർഡ്.