പാലക്കാട്: പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ് മക്കളേ എന്നൊരു പഞ്ച് ഡയലോഗ് പുലിമുരുകൻ സിനിമയിലുണ്ട്. ശ്രീശങ്കർ എന്ന ലോകം ഉറ്റുനോക്കുന്ന മലയാളി കായികതാരത്തിന്റെ കുതിപ്പും ഇതുപോലെയാണ്. ഒറ്റവാക്കിൽ ശരിക്കുമൊരു പുലിക്കുട്ടി.
രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ ലോക ജൂണിയർ (അണ്ടർ -20) അത്ലറ്റിക്സ് റാങ്കിംഗിൽ ഒന്നാമതെത്തിയതോടെ ശ്രീശങ്കർ എന്ന പാലക്കാട്ടുകാരൻ കേരളത്തിന്റെ കായികമികവിനു തിലകം ചാർത്തിയിരിക്കുകയാണ്.
12-ാം വയസിൽ തുടങ്ങിയ ലോംഗ് ജംപ് പിറ്റിലെ കുതിപ്പ് പത്തൊന്പതു വയസ് പിന്നിടുന്പോൾ ലോകത്തിന്റെ നെറുകയിലേക്കുമെത്തി. നിഴൽപോലെ കൂടെയുള്ള അച്ഛനും കോച്ചും കായികതാരവുമായ എസ്. മുരളിക്കും മുൻ രാജ്യാന്തരതാരമായ അമ്മ കെ. എസ്. ബിജിമോളിനും ഇത് അഭിമാന നിമിഷം. പാലക്കാട് വെസ്റ്റ് യാക്കര കളത്തിൽവീട് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിലാണ്.
ഭുവനേശ്വറിൽ ഈ വർഷം നടന്ന ഓപ്പണ് അത്ലറ്റിക്സിൽ 8.20 മീറ്റർ ചാടി റിക്കാർഡിട്ട പ്രകടനമാണ് ശ്രീശങ്കറിനെ ലോക ഒന്നാംനന്പർ ചാട്ടക്കാരനാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ശ്രീശങ്കർ. 8.19 മീറ്റർ ചാടിയ മധ്യപ്രദേശിന്റെ അങ്കിത് ശർമയുടെ റിക്കാർഡാണ് ശ്രീ പഴങ്കഥയാക്കിയത്.
ഏതൊരു കായികതാരവും കൊതിക്കുന്ന സ്വപ്നസമാനമായ നേട്ടത്തിലൂടെയാണ് ശ്രീശങ്കർ ഈ വർഷം കടന്നുപോകുന്നത്. ഫെബ്രുവരിയിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസ് ടെസ്റ്റ് മീറ്റിൽ 7.74 മീറ്റർ ചാടി നാലാംസ്ഥാനം.
ജൂലൈയിൽ ഫിൻലാൻഡിലെ ലോക ജൂണിയർ മീറ്റിൽ 7.76 മീറ്റർ ചാടി ആറാംസ്ഥാനം. ഓഗസ്റ്റിൽ ഏഷ്യൻ ഗെയിംസിൽ 7.95 മീറ്റർ മറികടന്ന് വീണ്ടും ആറാംസ്ഥാനം. ഇനി ലക്ഷ്യം അടുത്തവർഷം മേയിൽ ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പാണ്. 2020ലെ ഒളിന്പിക്സ് മെഡലും ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ട്. ഒപ്പം ഐഎഎസ് എന്ന സ്വപ്നവും രഹസ്യമായി സൂക്ഷിക്കുന്നു.
ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിന് ഇതിനകം യോഗ്യത നേടിയിട്ടുള്ള ഏക ഇന്ത്യൻതാരവും ശ്രീശങ്കറാണ്. 8.17 എന്നതായിരുന്നു യോഗ്യതാ മാർക്ക്. 8.20 മീറ്റർ ചാടി ശ്രീ അതുക്കുംമേലേ പറന്നു.
ലോംഗ് ജംപിൽ എട്ടു മീറ്ററെന്ന കഠിനമായ ദൂരം പിന്നിടുന്ന എട്ടാമത്തെ ഇന്ത്യക്കാരനും രണ്ടാമത്തെ മലയാളിയുമാണ്. കേരളത്തിൽ ഇതിനുമുന്പ് ടി.സി. യോഹന്നാൻ മാത്രമാണ് 1976ലെ ഏഷ്യൻ ഗെയിംസിൽ എട്ടുമീറ്റർ പിന്നിട്ടിട്ടുള്ളത് (8.07 മീറ്റർ).
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ 12-ാംക്ലാസ് വരെ പഠിച്ച ശ്രീശങ്കർ 12-ാം വയസിൽതന്നെ നാഷണൽ മീറ്റിൽ 5.22 മീറ്റർ ചാടി റിക്കാർഡിട്ടിരുന്നു. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മുൻ രാജ്യാന്തരതാരം കൂടിയായ മുരളി മകനെ പ്രോത്സാഹിപ്പിച്ചു. സാഫ് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ വെള്ളിമെഡൽ നേടിയിട്ടുള്ള മുരളി മകനെ ലോംഗ് ജംപിൽമാത്രം ശ്രദ്ധ കേന്ദ്രീകരിപ്പിച്ചു. പിന്നീടങ്ങോട്ടു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല അച്ഛനും മകനും. തുടർവർഷങ്ങളിൽ 14,16 വയസ് വിഭാഗങ്ങളിൽ ജൂണിയർ നാഷണൽ മീറ്റുകളിൽ മിന്നുംതാരമായി. ജൂണിയർ കോമണ്വെൽത്ത് ഗെയിംസിലും റിക്കാർഡിട്ടു.
നല്ലൊരു സ്പ്രിന്റർകൂടിയാണ് ശ്രീശങ്കർ. ഈ കുതിപ്പും ഉയരവും ലോംഗ്ജംപിനു മുതൽക്കൂട്ടാകുന്നു. ബിഎസ്സി മാത്സ് ഒന്നാംവർഷ വിദ്യാർഥിയാണ്. നേട്ടങ്ങളിലേക്കുള്ള കുതിപ്പിനിടെ അപ്പൻഡിസൈറ്റിസ് എന്ന രോഗം ഇക്കഴിഞ്ഞ മാർച്ചിൽ വീഴ്ത്തിയെങ്കിലും കഠിനമായ പരിശീലനത്തിലൂടെ തിരിച്ചുവന്നു. തുടർന്നായിരുന്നു ഭുവനേശ്വറിലെ കുതിപ്പ്.
8.40 മീറ്റർ സ്ഥിരമായി ചാടുക എന്ന വെല്ലുവിളിയിലേക്കുള്ള വിട്ടുവീഴ്ചയില്ലാത്ത പരിശീലനത്തിലാണ് ശ്രീശങ്കർ. പാലക്കാട് മേഴ്സി കോളജിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം. മകനു കോച്ചായി അച്ഛനെ നിയമിച്ച അപൂർവ ഭാഗ്യവും ഈ വർഷം ശ്രീശങ്കറിനു ലഭിച്ചു. പഠനം തടസപ്പെടാതിരിക്കാനാണ് പാലക്കാടുതന്നെ പരിശീലനം നടത്താൻ അത്ലറ്റിക് ഫെഡറേഷൻ മുരളിയെ പരിശീലകനായി നിയമിച്ചിട്ടുള്ളത്. പാലക്കാട് റെയിൽവേയിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറാണ് ഇദ്ദേഹം. ഭാര്യ കെ.എസ്. ബിജിമോൾ എഫ്സിഐ പാലക്കാട് മാനേജരാണ്.
ശ്രീശങ്കറിന്റെ സഹോദരിയും കേന്ദ്രീയ വിദ്യാലയംപതിനൊന്നാംക്ലാസ് വിദ്യാർഥിനിയുമായ ശ്രീപാർവതിയും സ്പോർട്സിൽ പ്രാവീണ്യം തെളിയിച്ചുവരുന്നു.
സി. അനിൽകുമാർ