മുംബൈ: ഒത്തുകളി വിവാദത്തിലകപ്പെട്ട മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് 2020ൽ അവസാനിക്കും. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വർഷമായി കുറച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ. ജെയ്ൻ ഉത്തരവിറക്കി.
അടുത്ത വർഷം സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്ക് കാലാവധി തീരും. 2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. മുപ്പത്തിയാറുകാരനായ ശ്രീശാന്ത് കളത്തിലിറങ്ങിയിട്ട് ആറു വർഷമായി.
2013 ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു വിലക്ക്. ശ്രീശാന്തിന്റെ സഹതാരങ്ങളായിരുന്ന അജിത് ചാണ്ഡിലയേയും അങ്കിത് ചവാനേയും വിലക്കിയിരുന്നു. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയാറായിരുന്നില്ല.
ഒടുവിൽ ശ്രീശാന്തിന്റെ ഹർജിയിൽ ഇടപെട്ട സുപ്രീംകോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബിസിസിഐയ്ക്ക് വിടുകയായിരുന്നു. മാർച്ചിലായിരുന്നു അത്. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് സുപ്രീംകോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചിരുന്നു. സുപ്രീംകോടതി അനുവദിച്ച കാലയളവ് അവസാനിച്ചതോടെയാണ് വിലക്ക് ഏഴ് വർഷമാക്കിയതായി ബിസിസിഐ അറിയിച്ചത്.
ശ്രീശാന്തിനെതിരായ ആരോപണം
2013 മേയിൽ മൊഹാലിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിൽ 10 ലക്ഷം രൂപ കോഴ വാങ്ങി തന്റെ രണ്ടാം ഓവറിൽ ശ്രീശാന്ത് 14 റണ്സ് വഴങ്ങി എന്നതാണ് ആരോപണം. എന്നാൽ, ഇതു തെളിയിക്കാൻ കോടതിയിൽ ബിസിസിഐക്കു സാധിച്ചിട്ടില്ല.
27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി-20യും ഇന്ത്യക്കായി കളിച്ച താരമാണ് ശ്രീശാന്ത്. 2011ലാണ് മലയാളി പേസർ ഇന്ത്യക്കായി അവസാനമായി കളിച്ചത്. 2007 ട്വന്റി-20, 2011 ഏകദിന ലോകകപ്പുകൾ ഇന്ത്യ നേടിയപ്പോൾ ടീമിന്റെ ഭാഗമായിരുന്നു.