ഞാന്‍ എല്ലാറ്റിനും ഫുള്‍സ്റ്റോപ്പിട്ടു കഴിഞ്ഞു, മാപ്പു പറയേണ്ട ബാധ്യത കലേഷിനോടുണ്ടായിരുന്നു, ആരു വേണമെങ്കിലും എന്റെ മേല്‍ എല്ലാ കുറ്റവും ചാര്‍ത്തി കൈകഴുകിക്കോട്ടെ, ഞാനെന്റെ തെറ്റുകള്‍ തിരുത്തും: ശ്രീചിത്രന്‍ രാഷ്ട്രദീപികയോട്

ഋഷി

താന്‍ എല്ലാറ്റിനും ഫുള്‍സ്റ്റോപ്പിട്ടു കഴിഞ്ഞുവെന്നും തനിക്കു പറ്റിയ തെറ്റുകള്‍ മനസിലാക്കി അത് തിരുത്തുമെന്നും എം.ജെ. ശ്രീചിത്രന്‍. കവിതാമോഷണ വിവാദത്തില്‍ കഴിഞ്ഞ ദിവസം കേരളവര്‍മ കോളജ് അധ്യാപിക ദീപ നിശാന്ത് ശ്രീചിത്രനെതിരെ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് എല്ലാറ്റിനും ഫുള്‍സ്റ്റോപ്പിട്ടു കഴിഞ്ഞതായി അദ്ദേഹം രാഷ്ട്രദീപികയോട് പ്രതികരിച്ചത്. പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് എം.ജെ. ശ്രീചിത്രന്‍.

കവിത മോഷ്ടിക്കപ്പെട്ട വിവാദത്തില്‍ ആദ്യന്തികമായി എനിക്ക് പറ്റിയ തെറ്റിന് മാപ്പുപറയേണ്ട ബാധ്യത കലേഷിനോടായിരുന്നു. അത് ഞാന്‍ നേരത്തെതന്നെ ചെയ്തു. ഫേസ്ബുക്കില്‍ ഞാനത് വളരെ വ്യക്തമായി പറഞ്ഞിരുന്നു. കലേഷിന് മാത്രമാണ് നീതിനിഷേധിക്കപ്പെട്ടത്. അതിനാല്‍ കലേഷിനോട് മാപ്പുപറഞ്ഞു. ഇനിയിപ്പോള്‍ ആരു വേണമെങ്കിലും ഇന്റര്‍വ്യൂകള്‍ നടത്തി എല്ലാ കുറ്റവും എനിക്കു മേല്‍ ചാര്‍ത്തി കൈകഴുകിക്കോട്ടെ. എനിക്കതില്‍ വിരോധമില്ല. ഞാന്‍ എനിക്കു പറ്റിയ തെറ്റുകള്‍ തിരുത്തും.

ദീപ നിശാന്ത് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖങ്ങളില്‍ പുതിയതായി എന്തെങ്കിലും പറഞ്ഞെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ദീപയെ വിളിച്ചിട്ടില്ല. ഞാനെന്റെ തെറ്റുകള്‍ തിരുത്തി നിലപാടുകളിലുറച്ച് മുന്നോട്ടുപോകും – ശ്രീചിത്രന്‍ പ്രതികരിച്ചു.

Related posts