അടൂർ: യാത്രക്കാരിയായ വനിതാ ഡോക്ടർുക്കു നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി-അടൂർ-കൊടുമണ്‍-പത്തനംതിട്ട റൂട്ടിലോടുന്ന ശ്രീദേവി ബസിലെ ഡ്രൈവർ കരുനാഗപ്പള്ളി തഴവ ചീരൻകുളത്ത് പുത്തൻവീട്ടിൽ നൗഷാദി(30)നെയാണ് അടൂർ ഡിവൈഎസ്പി ആർ ജോസ്, കൊടുമണ്‍ അഡീഷണൽ എസഐ രാജീവ് ചേർന്ന് കരുനാഗപ്പളളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലച്ചുവയോടെയുള്ള ആംഗ്യം കാണിക്കൽ എന്നിവയാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്ന് ഡിവൈഎസ്പി പറഞ്ഞു. ഞായറാഴ്ച രാവിലെ അടൂരിൽ നിന്ന് കൊടുമണ്ണിലേക്ക് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ വനിതാ ആയുർവേദ ഡോക്ടറെയാണ് നൗഷാദ് സീറ്റിന് പിന്നിലേക്ക് അംഗവിക്ഷേപം കാണിച്ചത്.
ഏഴംകുളം മുതൽ കൊടുമണ്‍ വരെയായിരുന്നു പ്രദർശനം. ഡോക്ടർ മൊബൈൽഫോണിൽ പകർത്തിയ വീഡിയോ ദൃശ്യം സുഹൃത്തായ മറ്റൊരു ഡോക്ടർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ പത്തനംതിട്ട ആർടിഒ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ഇ-മെയിൽ മുഖേനെ പരാതി സമർപ്പിക്കുകയും ചെയ്തു. പരാതിയേ തുടർന്ന് ആർടിഒ തിങ്കളാഴ്ച തന്നെ ഇയാളുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയതായി ബസ് ഉടമ അറിയിച്ചു. താൻ അശ്ലീല ആംഗ്യം കാണിച്ചിട്ടില്ലെന്നും വിരൽ സീറ്റിന് പിന്നിൽ വയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് ഡിവൈഎസ്പി പറഞ്ഞു.