പത്തനംതിട്ട: സ്ഥിരം യാത്രക്കാരിയായ വനിതാ ഡോക്ടറോട് ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയതായി പത്തനംതിട്ട ആർടിഒയ്ക്ക് പരാതി. പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഡ്രൈവർക്കെതിരെ സുഹൃത്തായ പുരുഷ ഡോക്ടർ മുഖാന്തിരമായി പരാതി നൽകിയത്.
ഇന്നലെ രാവിലെ 9. 30 ഓടെ കൊടുമൺ – പത്തനംതിട്ട റൂട്ടിൽ ഓടുന്ന ശ്രീദേവി ബസിലെ ഡ്രൈവർ സീറ്റിന് പിന്നിലിരുന്ന വനിതാ ഡോക്ടറെ ഹീനമായ തരത്തിലുള്ള അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയായിരുന്നു. സീറ്റിൽ ഇരുന്നയുടൻ തന്നെ ബസിന്റെ റിയർ വ്യു മിററിലൂടെ നിരീക്ഷിച്ച് വലത് കൈ പിന്നിലേക്ക് വളച്ച് നിരവധി തവണ അശ്ലീല ആംഗ്യം കാണിച്ചു.
ഭയന്ന് പോയ ഡോക്ടർ ഇയാളുടെ പ്രവൃത്തികൾ മൊബൈലിൽ പകർത്തി സുഹൃത്തായ ഡോക്ടർ മുഖാന്തിരം പത്തനംതിട്ട ആർടിഒയ്ക്ക് പരാതി നൽകുകയുമായിരുന്നു. പിന്നീട് ഈ വീഡിയോകൾ ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തു. പരാതിയെ തുടർന്ന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.