ദുബായ്: പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. പ്രമുഖ നിർമാതാവ് ബോണി കപൂർ ഭർത്താവാണ്. ബോണി കപൂറിന്റെ സഹോദരന് സഞ്ജയ് കപൂര്‍ മരണം വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനം വേഷമിട്ടത്. 2013ൽ രാജ്യം പത്മശ്രീ നൽകി ശ്രീദേവിയെ ആദരിച്ചിരുന്നു. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറ് ഫിലിം ഫെയർ അവാർഡുകളും കിട്ടിയിട്ടുണ്ട്.
1967ൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് ശ്രീദേവിയുടെ അരങ്ങേറ്റം. ദേവരാഗം, കുമാര സംഭവം ഉള്‍പ്പെടെയുള്ള 26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1971ൽ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. കന്തൻ കരുണൈ, നംനാട്, പ്രാർഥനൈ, ബാബു, ബാലഭാരതം, വസന്തമാളികൈ, ഭക്തകുമ്പാര, ജൂലി തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
1976ൽ മുണ്ട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി താരം തുടക്കമിട്ടു. 1997 ല്‍ അഭിനയ രംഗത്ത് നിന്ന് ശ്രീദേവി താത്കാലികമായി വിടപറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം 2012ൽ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തി. കഴിഞ്ഞ വർഷം റിലീസായ മോം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.