നടി ശ്രീദേവി ബോധരഹിതയായി ബാത്ത് ടബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും ദുബായ് പോലീസിന്റെ റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണത്തിന് കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്.
അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ബന്ധുക്കളുടെ തീരുമാനം. ഇതിനായി മുംബൈയില്‍ നിന്നും പ്രത്യേക വിമാനം ഞായറാഴ്ച തന്നെ ദുബായ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം എംബാം ചെയ്ത ശേഷമാകും ഇന്ത്യയിലേക്ക് കൊണ്ടുവരിക. ചൊവ്വാഴ്ച സംസ്കാരം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ദുബായ് പോലീസ് അന്വേഷണം കൂടുതല്‍ വിപുലീകരിക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ഭര്‍ത്താവ് ബോണി കപൂര്‍, ഹോട്ടല്‍ ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുക്കും. ബോധരഹിതയായി ബാത്ത് ടബില്‍ വീഴാനുള്ള കാരണവും പോലീസ് അന്വേഷിക്കുന്നുണ്ട്. ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തോട് സാമ്യമുള്ളതാണ് ശ്രീദേവിയുടെയും മരണം. ഇരുവരും ഹോട്ടല്‍ മുറിയിലാണ് മരിച്ചത്.