മുംബൈ: അഴക്, ആഢ്യത്തം, അഭിനയത്തികവ്… വെള്ളിത്തിരയിൽ ശ്രീദേവി ഏതാണ്ട് ഇങ്ങനെയായിരുന്നു. ശിവകാശിയിലെ ഒരു കുഗ്രാമത്തിൽനിന്ന്, വെള്ളിത്തിരയിലെ അഴകിന്റെ ദേവത എന്ന വിശേഷണത്തിലേക്കുള്ള ശ്രീ അമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവിയുടെ യാത്രയിൽ ആ കുട്ടിത്തം തുളന്പുന്ന മുഖവും അഭിനയത്തികവും തുണയ്ക്കുപോന്നു.
വെള്ളിത്തിരയിലേക്കായി ജനിച്ചവളായിരുന്നു ശ്രീദേവി. അഭ്രപാളിയിലെ നീണ്ട കാലയളവ് സുവർണജൂബിലിയിലേക്ക് എത്തുന്പോഴും അവരുടെ കത്തുന്ന സൗന്ദര്യത്തെ കെടുത്താൻ കാലത്തിനു കഴിഞ്ഞില്ല, മരണത്തിനൊഴികെ. ആരാധക ലക്ഷങ്ങളെ കീഴടക്കിയ ആ സൗന്ദര്യധാമം ഉടയാൻ മരണവും ഇഷ്ടപ്പെടാത്തതുപോലെ…
നാലാം വയതിനിലെ…
ജ്വലിക്കുന്ന സൗന്ദര്യം അതായിരുന്നു ആരാധകർക്കു ശ്രീദേവി. നാലാം വയസിൽ മൂണ്ട്രു മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെ കെ.ബാലചന്ദർ സിനിമയിലേക്കു കൈപിടിച്ചു കയറ്റിയ കുട്ടിത്തം തുളുന്പുന്ന മുഖശ്രീയുള്ള കുരുന്ന്, പിന്നീട് തമിഴകവും തെന്നിന്ത്യയും കടന്ന് ഹിന്ദിസിനിമാ ലോകത്തിന്റെ കണ്ണിലുണ്ണിയാകുമെന്ന് അദ്ദേഹംപോലും കരുതിയിട്ടുണ്ടാവില്ല.
പ്രായം, ഭാഷ, ഭൂമിശാസ്ത്ര അതിരുകൾ എന്നിവയൊന്നും ശ്രീദേവിക്കു തടസമായില്ല. സമകാലികരിൽ പലരും തെന്നിന്ത്യയിൽനിന്നു ബിടൗണിലേക്കു ചേക്കേറിയപ്പോൾ ശ്രീദേവിയാകട്ടെ ബോളിവുഡിലും തെന്നിന്ത്യയിലും ഒരേപോലെ ജ്വലിച്ചുനിന്നു.
തമിഴിൽ സിഗപ്പു റോജാക്കൾ, പതിനാറു വയതിനിലെ, ജോണി, വരുമായ് നിറം സിഗപ്പ്, പ്രിയ തുടങ്ങി എക്കാലവും ഓർമയിൽ തങ്ങിനിൽക്കുന്ന സിനിമകൾ സമ്മാനിച്ചാണ് ശ്രീദേവി ബോളിവുഡിന്റെ പകിട്ടിലേക്കു ചേക്കേറുന്നത്.
കമൽഹാസൻ, രജനീകാന്ത് എന്നീ താരരാജാക്കൻമാർക്കൊപ്പം സ്ക്രീനിൽ നിറഞ്ഞുനിന്ന അഴകിന്റെ ശ്രീ, 1978ൽ സൊൽവ സാവൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചു. ഇതിനുശേഷം അവർക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അനിൽ കപൂർ-ശ്രീദേവി കൂട്ടുകെട്ട് ബോളിവുഡിൽ പ്രണയം വാരിവിതറി.
ഗോഡസ് ബ്യൂട്ടി, ബോളിവുഡ് ദിവ…
സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ കാഴ്ചക്കാരെ സിനിമയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ബോളിവുഡിൽ ഒരുപക്ഷേ ആദ്യമായി കാട്ടിനൽകിയത് ശ്രീദേവിയായിരുന്നു. നായികമാർ നായകന്റെ നിഴൽ മാത്രമായിരുന്ന കാലത്തെ തിരുത്തൽ ശക്തിയാകാൻ ശ്രീദേവിക്കു കഴിഞ്ഞു.
യുവത്വം വിട്ട നടിമാർക്ക് സിനിമയിൽ നായികാകഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയില്ലെന്ന ബിടൗണിലെ പതിവ് വിശ്വാസത്തെ, തന്റെ തിരിച്ചുവരവ് ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തകർത്തുകളയുന്ന കാഴ്ചയ്ക്കും സിനിമാലോകം സാക്ഷിയായി. 19967ൽ ബോണി കപൂറുമായുള്ള വിവാഹശേഷം വീട്ടിൽ ഒതുങ്ങിക്കൂടിയ ശ്രീദേവിയുടെ 15 വർഷത്തിനുശേഷമുള്ള തിരിച്ചുവരവായിരുന്നു അത്.
2018 ഫെബ്രുവരി 24 ഇന്ത്യൻ സിനിമാ ലോകത്തിന് കറുത്ത ദിനമാണ്, കാരണം അതിന് ഏറ്റവും മികച്ച പ്രഫഷണലുകളിൽ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു. തലമുറകളെ സ്വാധീനിച്ച ഒരു അഭിനേത്രി- ശ്രീദേവി ബോണി കപൂർ, സിനിമാ ലോകത്തിന് ഒരു മായാത്ത മുറിവ് സമ്മാനിച്ച് അകാലത്തിൽ വിടവാങ്ങി. ഗോഡസ് ബ്യൂട്ടി, ബോളിവുഡ് ദിവ… മറഞ്ഞുപോയ സൗന്ദര്യത്തെ വിശേഷിപ്പിക്കാൻ സിനിമാലോകം വാക്കുകൾ തിരയുകയാണ്.