സിനിമാരംഗം ഏറെ മാറിയിരിക്കുന്നു. ഇന്ന് ഒരു താരത്തിന്റെ മൂല്യം അളക്കുന്നത് ആ താരം വാങ്ങുന്ന പ്രതിഫലം കൂടി കണക്കിലെടുത്താണ്. നൂറു കോടിയും 200 കോടിയും പ്രതിഫലം വാങ്ങുന്ന താരങ്ങള്‍വരെ ഇന്ന് ഇന്ത്യന്‍ സിനിമയിലുണ്ട്. നായകന്മാര് ഇത്രയും വാങ്ങുമ്പോള്‍ അതിന്റെ വളരെ കുറഞ്ഞ ശതമാനമാണ് നടിമാര്‍ക്ക് ലഭിക്കുന്നത്.
നായകന്മാര് 100 കോടി വാങ്ങുന്ന ചിത്രത്തില്‍ നടിമാര്‍ക്ക് പലപ്പോഴും ഒന്നോ രണ്ടോ കോടിയാണ് പ്രതിഫലം ലഭിക്കാറ്. ഫൈറ്റര്‍ എന്ന ചിത്രത്തില്‍ അടുത്തിടെ നടി ദീപിക പദുകോണിന് ലഭിച്ച പ്രതിഫലം പത്തു കോടിയാണ് എന്നാണ് പുറത്തുവന്ന വാര്‍ത്ത. അതിനാല്‍ തന്നെ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ദീപികയാണെന്ന് പറയാം.
അത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ വനിതാ താരം ആരായിരിക്കും? അത് പഴയകാല നടിമാരില്‍ ഹേമമാലിനിയോ, സീനത്ത് അമനോ, ഐശ്വര്യറായിയോ, മനീഷ കൊയ്രാളയോ അല്ല. നടി ശ്രീദേവിയാണ്. ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ ഒരു കോടി രൂപ ശമ്പളം വാങ്ങിയ നടിയാണു ശ്രീദേവി. ഇന്ന് നൂറുകോടിയൊക്കെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉണ്ടെങ്കിലും ഒരു സിനിമയ്ക്ക് ഒരു കോടി എന്നത് അക്കാലത്ത് വലിയ തുകതന്നെയായിരുന്നു.
ദക്ഷിണേന്ത്യയില്‍ തിളങ്ങി നില്ക്കുന്ന കാലത്ത് ഒരു ഹിന്ദി ചിത്രത്തിലേക്ക് അഭിനയിക്കാന്‍ എത്തിയ ശ്രീദേവിക്ക് ഒരു കോടി രൂപയോളാണ് അന്ന് പ്രതിഫലം നല്‍കേണ്ടി വന്നത്. 80 കളിലും 90 കളിലും ശ്രീദേവി ഒരു കോടിക്ക് അടുത്ത് പ്രതിഫലം വാങ്ങിയിരുന്നുവെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
ശ്രീദേവി അരങ്ങേറ്റം കുറിച്ചത് കെ. ബാലചന്ദ്രര്‍ സംവിധാനം ചെയ്ത മൂന്‍ട്രൂ മുടിച്ചു എന്ന ചിത്രത്തിലൂടെയാണ്. ശ്രീദേവിക്കൊപ്പം കമല്‍ഹാസനും, രജനികാന്തും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ശരിക്കും രജനികാന്തിനെക്കാള്‍ ഈ ചിത്രത്തില്‍ ശമ്പളം വാങ്ങിയത് ശ്രീദേവിയാണ് എന്നതാണ് സത്യം. ശ്രീദേവിക്ക് 50,000 രൂപ ശമ്പളം ലഭിച്ചപ്പോള്‍ രജനിക്ക് ലഭിച്ചത് 20,000 രൂപ മാത്രമായിരുന്നു.
ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ശ്രീദേവി തന്റെ നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായാണ് അഭിനയം തുടങ്ങിയത്. തുലാവർഷം, ആ നിമിഷം, സത്യവാൻ സാവിത്രി, ദേവരാഗം, തുടങ്ങി 26 മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. അൻപത്തിനാലാം വയസിൽ 2018 ഫെബ്രു വരി 24ന് ശ്രീദേവി അന്തരിച്ചു.