ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ശ്രീദേവിയോളം ചേരുന്ന മറ്റൊരു നായികയുണ്ടാകില്ല.
തെന്നിന്ത്യന്‍ സിനിമയിലൂടെ താരമായി മാറിയ ശ്രീദേവി പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു.
ബോളിവുഡില്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്ത്വാല എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ വലിയ താരമായി മാറുകയായിരുന്നു ശ്രീദേവി.
എല്ലാ നായകന്മാരും എല്ലാ സംവിധായകരും നിര്‍മാതാക്കളും ശ്രീദേവിയുടെകൂടെ അഭിനയിക്കാനും താരത്തെ തങ്ങളുടെ ചിത്രത്തിലെ നായികയാക്കാനും ആഗ്രഹിച്ചിരുന്നു.
ബോളിവുഡിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി ശ്രീദേവി തിളങ്ങി.
ശ്രീദേവിയുടെ പ്രതാപകാലത്തുതന്നെ സൂപ്പര്‍താരമായി മാറിയ സഞ്ജയ് ദത്തുമായി ഒരു സിനിമ മാത്രമാണ് ശ്രീദേവി ചെയ്തിട്ടുള്ളത്.
ഇരുവരും തമ്മില്‍ വലിയ അഭിപ്രായഭിന്നത നിലനിന്നിരുന്നുവെന്നതാണ് വസ്തുത. ഹിമ്മത്ത്വാലയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയും സഞ്ജയ് ദത്തും ആദ്യമായി കണ്ടുമുട്ടുന്നത്.
എന്നാല്‍ അത്ര സുഖകരമായിരുന്നില്ല ഈ കൂടിക്കാഴ്ച. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
ഇക്കാലത്തായിരുന്നു ശ്രീദേവി സമീന്‍ എന്ന സിനിമ ചെയ്യാന്‍ തയാറാകുന്നത്. എന്നാല്‍ താന്‍ അഭിനയിക്കണമെങ്കില്‍ സഞ്ജയ് ദത്ത് നായകന് ആകരുതെന്ന നിബന്ധന ശ്രീദേവി തുടക്കത്തില്‍തന്നെ മുന്നോട്ടുവച്ചിരുന്നു.
പക്ഷേ താരത്തിന്റെ നിര്‍ദേശത്തിനു വിപരീതമായി സഞ്ജയ് ദത്ത് തന്നെ ചിത്രത്തിൽ നായകനായി എത്തുകയായിരുന്നു. എന്നാല്‍ ഈ ചിത്രം വെളിച്ചം കണ്ടില്ല.
സിനിമയുടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. എന്നിട്ടും പിന്നീട് സഞ്ജയ് ദത്ത് ബോളിവുഡില്‍ പകരം വയ്ക്കാനില്ലാത്ത താരമായി മാറി.
തൊണ്ണൂറുകളുടെ അവസാനത്തില്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ സൂപ്പര്‍താരമായിരുന്നു സഞ്ജയ് ദത്ത്. പക്ഷേ ഈ സമയത്ത് ശ്രീദേവിയാകന്റെ കരിയറിലെ തകര്ച്ചകള് നേരിടുകയായിരുന്നു.
വിജയം അനിവാര്യമായിരിക്കെയാണ് ശ്രീദേവി സഞ്ജയ് ദത്തിനൊപ്പം സിനിമ ചെയ്യാന്‍ തയാറാകുന്നത്. ഇങ്ങനെയാണ് ഇരുവരും ഒരുമിച്ച് ഗുംരാഹ് എന്ന സിനിമ ചെയ്യാന്‍ തയ്യാറാകുന്നത്.
എന്നാല്‍ ചിത്രീകരണ സമയത്ത് ഇരുവരും പരസ്പരം സംസാരിക്കാന്‍പോലും തയാറായിരുന്നില്ല.
പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിനു പിന്നാലെ ശ്രീദേവി ലൊക്കേഷനില്‍ നിന്നു തിരിച്ചു പോകുന്നത് പതിവായിരുന്നു.
പക്ഷേ സിനിമ വന്‍ വിജയമായി മാറി. ശ്രീദേവിയും സഞ്ജയ് ദത്തും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായും മാറി.
ഇതോടെ വിജയവഴിയില്‍ തിരികെ എത്താന്‍ സാധിച്ചെങ്കിലും തന്റെ കഥാപാത്രത്തിനു വേണ്ടത്ര പ്രാധാന്യം നല്കാതിരുന്നതില് ശ്രീദേവിക്ക് എതിര്‍പ്പുണ്ടായിരുന്നു.
സിനിമയിൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച നായകന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായിരുന്നു.
തന്റെ കഥാപാത്രത്തെ ദുര്‍ബലമാക്കിയെന്ന് ശ്രീദേവി എതിര്‍പ്പുയര്‍ത്തുകയായിരുന്നു.
തന്റെ എതിര്‍പ്പ് സഞ്ജയ് ദത്തിനെ മാത്രമല്ല സിനിമയുടെ സംവിധായകന് ആയ മഹേഷ് ഭട്ടിനേയും അറിയിക്കുകയും ചെയ്തു.
പിന്നീട് സഞ്ജയ് ദത്തിനും മഹേഷ് ഭട്ടിനുമൊപ്പം ശ്രീദേവി ഒരു സിനിമപോലും ചെയ്തിട്ടില്ല.
പിജി