മുംബൈ: രാജ്യത്തെ ചലച്ചിത്രാസ്വാദകർ നെഞ്ചേറ്റിയ താരമായിരുന്നു ശ്രീദേവി. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് അവർ അഭിനയിച്ച ചിത്രങ്ങളെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരുവേള രാജ്യത്തെ വിവിധ ഭാഷകളിലെ ചിത്രങ്ങളുടെ വിജയ ഫോർമുലകളിൽ ആദ്യത്തേത് ശ്രീദേവി എന്നുവരെ വന്നു.
അഭിനയിക്കുന്ന വേഷങ്ങൾ ഏതുമാകട്ടെ, അതില്ലെല്ലാം തന്റേതായ ഭാവപ്പകർച്ചകൾക്കൊണ്ട് അഭിനയവഴികളിലെ മുൻഗാമികളോടു കിടപിടിച്ചു ശ്രീദേവി. പ്രണയവും ദുഃഖവും ഹാസ്യവുമെല്ലാം ഒരുപോലെ അഭ്രപാളികൾ അഭിനയിച്ചു ഫലിപ്പിച്ച ശ്രീദേവിയെ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറെന്ന് ആരാധകർ വിളിച്ചതിൽ അത്ഭുതപ്പെടാനില്ല.
“തുണൈവൻ” എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസിൽ ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തു. 1971-ൽ “പൂമ്പാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി.
പതിമൂന്നാം വയസിലായിരുന്നു നായികപദവിയിലേക്ക് ഈ സൂപ്പർ താരം എത്തിയത്. അതും അഭിനയകലയിലെ അദ്ഭുതങ്ങളായ കമൽഹാസനും രജനീകാന്തിനുമൊപ്പം. 1976 ൽ പുറത്തിറങ്ങിയ ‘മുണ്ട്ര് മുടിച്ച്’എന്ന ചിത്രമായിരുന്നു അത്. പിന്നീട് കമലിനൊപ്പം നിരവധി വേഷങ്ങൾ ചെയ്ത ശ്രീദേവി പതിയെ ദക്ഷിണേന്ത്യയുടെ പ്രിയനായികയായി മാറി. “സിഗപ്പ് റോജാക്കൾ’, “മൂന്നാം പിറ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അവരുടെ താരപദവി അരക്കിട്ടുറപ്പിച്ചു.
“ജൂലി’ എന്ന ചിത്രത്തിലൂടെ 1975ലാണ് അവർ ബോളിവുഡിന്റെ വിസ്മയ ലോകത്തെത്തിയത്. ചിത്രത്തിൽ പക്ഷേ താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളായിരുന്നു ശ്രീദേവിയുടേത്. 1983 ൽ പുറത്തിറങ്ങിയ “ഹിമ്മത്വാല’യാണ് ശ്രീദേവിയുടെ ആദ്യത്തെ ബോളിവുഡ് ഹിറ്റ്. പിന്നീടങ്ങോട്ട് അഭിനയവും സൗന്ദര്യവും സമ്മേളിച്ച തേരോട്ടമായിരുന്നു അവർ ബോളിവുഡിൽ നടത്തിയത്.
ഹിന്ദിയിൽ തിരക്കേറിയ താരമായപ്പോഴും മലയാളത്തെ അവർ മറന്നില്ല. മലയാള സിനിമയോടുള്ള അദമ്യമായ സ്നേഹം കാത്തുസൂക്ഷിച്ച ശ്രീദേവി ദേവരാഗം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളിക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളായ ഗാനങ്ങളിലും ശ്രീദേവി എന്ന നായികയുടെ അഭിനയ പാടവം ദൃശ്യമായി. ദേവരാഗത്തിലെ ശിശിരകാല മേഘമിഥുന.., യയയാ യാദവാ എനിക്കറിയാം, പ്രേമാഭിഷേകം എന്ന ചിത്രത്തിലെ നീലവാന ചോലയിൽ എന്നിവയൊക്കെ അവയിൽ ചിലത് മാത്രം. 1996ലാണ് നിരവധി ചിത്രങ്ങളിൽ തന്റെ ഹിറ്റ് ജോഡിയായി അഭിനയിച്ച അനിൽ കപൂറിന്റെ സഹോദരൻ ബോണികപൂറിനെ അവർ വിവാഹംകഴിച്ചത്.
പിന്നീട് സിനിമയിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത അവർ 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഒടുവിൽ, സീറോ എന്ന ചിത്രത്തിൽ അതിഥിതാരമായി അഭിനയിക്കുമ്പോഴാണ് ശ്രീദേവിയെ തേടി മരണമെത്തിയത്.