കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് വീണ്ടെടുത്തു.
ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ടാണ് വീണ്ടെടുത്തത്. കഴിഞ്ഞ മൂന്നു വർഷത്തെ ചാറ്റുകളും ഇതിൽ കണ്ടെത്തി. നൂറിലധികം പേജുകളിൽ സംഭാഷണം നടന്നിട്ടുണ്ട്.
കുടുംബത്തിന് ഐശ്വര്യവും സന്പൽസമൃദ്ധിയും വാഗ്ദാനം ചെയ്തു ശ്രീദേവി എന്ന പേരിലുള്ള പ്രൊഫൈലിൽ വന്ന ഒരു പരസ്യത്തിൽ ആകൃഷ്ടരായി ഭഗവൽസിംഗും ഭാര്യയും പ്രതികരിച്ചതോടെയാണ് ഷാഫിയുമായുള്ള ബന്ധത്തിനു തുടക്കമിടുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു ആദ്യ ചാറ്റിംഗ്. ശ്രീദേവി എന്ന പേരിൽത്തന്നെ മറുഭാഗത്തെ ചാറ്റിംഗ്.
ഐശ്വര്യമുണ്ടാകാൻ ഒരു സിദ്ധനെ ഉപയോഗിച്ചു കർമങ്ങൾ നടത്തണമെന്ന് ഇരുവരെയും “ശ്രീദേവി” ഉപദേശിച്ചു. സിദ്ധനെന്ന പേരിൽ സ്വന്തം ഫോൺ നന്പർ നൽകാനും ഷാഫി മറന്നില്ല. ശ്രീദേവി പറഞ്ഞതു വിശ്വസിച്ചു ഭഗവൽസിംഗ് ഷാഫിയെ ബന്ധപ്പെട്ടു.
ഇതോടെ ഇവരെത്തേടി ഷാഫി വീട്ടിലെത്തി. വീട്ടിലെത്തിയ ഷാഫി ആദ്യം ഭഗവൽസിംഗിന്റെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ചു.
ശ്രീദേവി പരിചയപ്പെടുത്തിയ സിദ്ധൻ എന്ന നിലയിൽ ബഹുമാനത്തോടെയായിരുന്നു ഇരുവരും സിദ്ധനോട് ഇടപെട്ടത്.
വളരെപ്പെട്ടെന്ന് ഇവർക്കുമേൽ മാനസികാധിപത്യം നേടിയ ഷാഫി അന്ധവിശ്വാസം ശരിക്കും മുതലെടുത്തു. ആഭിചാര കർമങ്ങൾ നടത്തിയാൽ ഐശ്വര്യം വരുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു.
ചില ആഭിചാര കർമങ്ങൾ നടത്തി. സിദ്ധൻ ലൈലയുമായി നടത്തിയ വഴിവിട്ട ബന്ധങ്ങൾ പോലും ഭഗവൽസിംഗ് കണ്ടുനിന്നു. ഭഗവൽസിംഗിന്റെ രണ്ടാം ഭാര്യയാണ് ലൈല.
ആദ്യം നടത്തിയ ചില കർമങ്ങൾ പോരെന്നും ഐശ്വര്യത്തിനു നരബലിയാണ് നല്ലതെന്നും ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചു.
ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവുണ്ടെന്നും പറഞ്ഞു. ഷാഫിയുടെ സ്വാധീനത്തിൽ വീണ ഭഗവൽസിംഗ് തുക നൽകാൻ തയാറായതോടെയാണ് നരബലിയിലേക്ക് കടന്നത്.