സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പു പ്രചാരണത്തിനു ബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത് സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടിയ പൊഴുതനയിലെ പട്ടികവർഗ യുവതി ശ്രീധന്യയ്ക്കൊപ്പം. സെന്റ് മേരീസ് കോളജിലെ വിശാലമായ മുറികളിൽ ഒന്നിലായിരുന്നു രാഹുലിനു ഉച്ചയൂണ്.
കോണ്ഗ്രസ് നേതാക്കളും ശ്രീധന്യയും കുടുംബാംഗങ്ങളും അടക്കം 12 പേരാണ് രാഹുലിനൊപ്പം ഉച്ചഭക്ഷണത്തിനിരുന്നത്. ചപ്പാത്തിയും ചോറും പായസവും അടങ്ങിയ സദ്യയാണ് അതിഥികൾക്കായി സംഘാടകർ ഒരുക്കിയത്. വയനാട്ടിലെ കുറിച്യ സമുദായത്തിൽനിന്നുള്ള ആദ്യ സിവിൽ സർവീസ് പരീക്ഷാ വിജയിയാണ് ശ്രീധന്യ.
പരീക്ഷയിൽ ശ്രീധന്യ മികച്ച വിജയം നേടിയതു അറിഞ്ഞയുടൻ ഉപഹാരം വീട്ടിലെത്തിച്ചുനൽകാൻ രാഹുൽ ഗാന്ധി ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. രാഹുൽ നിർദേശിച്ചതിനുസരിച്ച് കോണ്ഗ്രസ് നേതാക്കൾ ക്ഷണിച്ചതിനെത്തുടർന്നാണ് ശ്രീധന്യ കുടുംബാംഗങ്ങൾക്കൊപ്പം ബത്തേരിയിലെത്തിയത്.
ഉൗണിനിടെ രാഹുൽഗാന്ധി ശ്രീധന്യയുമായി ദേശീയ, അന്തർദേശീയ വിഷയങ്ങൾ ചർച്ചചെയ്തു. തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ച ശ്രീധന്യ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ചു. ശ്രീധന്യ കേരളത്തിനു മാത്രമല്ല, ഇന്ത്യൻ സമൂഹത്തിനുതന്നെ മാതൃകയാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു.