സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്സഭാതെരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കേ ബിജെപി കേരള ഘടകത്തിൽ വീണ്ടും ഗ്രൂപ്പിസം തലപൊക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി.ശ്രീധരന്‍പിള്ളയുടെ വിവാദ പ്രസ്താവനയില്‍ കടിച്ചുതൂങ്ങിയാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്.
പെട്രോള്‍ വില 50 രൂപയാക്കുമെന്നായിരുന്നല്ലോ ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ മറുപടി. തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇനി വാഗ്ദാനങ്ങളുമായി എങ്ങിനെ ജനസമക്ഷം ചെല്ലുമെന്നാണ് ശ്രീധരന്‍പിള്ളയെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്.
പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനയാണിതെന്നും കേരളത്തില്‍ ഉള്ളസാധ്യതപോലും ഇല്ലാതാക്കുന്നതരത്തിലാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ശ്രീധരന്‍പിള്ളയുടെ നിലപാടില്‍ കടുത്ത എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടുതാനും.
മുരളീധരപക്ഷത്തെ പ്രധാനിയും മുന്‍ ബിജെപി വക്താവുമായ പി.രഘുനാഥാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ശ്രീധന്‍ പിള്ളയ്ക്കെതിരേ പരോക്ഷമായി രംഗത്തുവന്നിരിക്കുന്നത്. വാഗ്ദാനങ്ങളെല്ലാം നിറവേറ്റി തന്നെയാണു മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നു രഘുനാഥ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
“”എല്ലാവര്ക്കും തൊഴില്‍ , എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തിലേക്കു ഭാരതത്തെ നയിച്ചുകൊണ്ടിരിക്കുന്ന ലോകാരാധ്യനായ ഇന്ത്യന്‍ പ്രധാനമന്ത്രി ബഹുമാന്യനായ നരേന്ദ്ര മോദിജിക്ക് അഭിവാദ്യങ്ങള്‍. ബിജെപി 2014ല്‍ ജനങ്ങള്‍ക്കു മുന്നില്‍വച്ച ജനക്ഷേമ പദ്ധതികളും മുദ്ര ബാങ്ക്, ഉജ്വല്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന, കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍, ആഭ്യന്തര സുരക്ഷ, അടിസ്ഥാന വികസനത്തിനായുള്ള പദ്ധതികള്‍ തുടങ്ങിയവ നടപ്പിലാക്കി കഴിഞ്ഞു.
പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവിതം സുരക്ഷിതമാക്കാന്‍ നാലര വര്‍ഷത്തെ മോദിജിയുടെ ഭരണത്തില്‍ വന്‍ നടപടികള്‍ ഉണ്ടായി. അഴിമതി തുടച്ചുമാറ്റും എന്ന ബിജെപിയുടെ ഉറച്ച തീരുമാനം നടപ്പിലാക്കി മാതൃകാഭരണം നടത്തിയ നരേന്ദ്ര മോദിജി ലോകത്തിനുതന്നെ മാതൃകയായി. വാഗ്ദാനങ്ങള്‍ എല്ലാം നടപ്പിലാക്കി തന്നെയാണു നരേന്ദ്ര മോദിജി മുന്നേറുന്നത്….’ബിഗ് സല്യൂട്ട്’.”- എന്ന് പറഞ്ഞുകൊണ്ടാണ് രഘുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനില്‍ നിന്നും ഉണ്ടയതെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ തന്നെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കത്തിലാണ് പാര്‍ട്ടിയിലെ മറുവിഭാഗം. കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി ശ്രീധരന്‍പിള്ളയെ തേടി എത്തിയത്. ആര്‍എസ്എസ് ഇടപെടലായിരുന്നു ഇതിനു പിന്നില്‍. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.