തിരുവനന്തപുരം: യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ബിജെപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പറയേണ്ടതാണ് താൻ പറഞ്ഞതെന്നു വ്യക്തമാക്കിയ അദ്ദേഹം ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും പറഞ്ഞു.
തന്ത്രി തന്നെ വിളിച്ചത് അഭിഭാഷകൻ എന്ന നിലയിലാണ്. അത്തരത്തിൽ ഒരു അഭിഭാഷകൻ എന്ന നിലയിൽ വിളിച്ചാൽ അഭിപ്രായം പറയാൻ തനിക്ക് അവകാശമില്ലേയെന്നും ശ്രീധരൻപിള്ള ചോദിച്ചു.
പ്രസംഗത്തിൽ അപാകതയില്ലെന്നു പറഞ്ഞ ശ്രീധരൻപിള്ള ജനസേവനത്തിനുള്ള സുവർണാവസരമാണ് ഇതെന്നാണ് താൻ പറഞ്ഞതെന്നും വ്യക്തമാക്കി. മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് ശ്രീധരൻപിള്ള നടത്തിയത്. മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഘടകം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
യുവമോർച്ച യോഗത്തിൽ രഹസ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അത് ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്ത് വിട്ടിരുന്നു. തന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്- ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ എന്ത് അധികാരത്തിലാണ് സർക്കാർ ഇടപെടുന്നതെന്നു ചോദിച്ച ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടി വന്ന വിമർശനങ്ങൾ സർക്കാരിന് തിരിച്ചടിയാണെന്നും കോടതി നിലപാടിൽ തനിക്ക് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
എല്ലാ രാഷ്ട്രീയക്കാരും തന്റെ നിയമോപദേശങ്ങൾ തേടിയിട്ടുണ്ടെന്നും ചന്ദ്രശേഖരൻ വധത്തിൽ വക്കാലത്തേറ്റെടുക്കാൻ നേതാക്കൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം വാർത്താ സമ്മേളനം അവസാനിപ്പിത്.