കൊച്ചി: മെട്രോയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെത്തി. ഇന്നു രാവിലെ പാലാരിവട്ടം സ്റ്റേഷനിലെത്തിയ അദ്ദേഹം സ്റ്റേഷന്റെ പുറത്ത് നടക്കുന്നതുൾപ്പടെയുള്ള ജോലികൾ വിലയിരുത്തി. പാലാരിവട്ടത്തിനു പുറമെ മെട്രോയിൽ സഞ്ചരിച്ച് മറ്റു സ്റ്റേഷനുകളുടെ നിർമാണ പുരോഗതിയും അദ്ദേഹം വിലയിരുത്തി. ചില സ്റ്റേഷനുകളുടെ പുറത്തെ പണികൾ എത്രയും വേഗം തീർക്കണമെന്നു അദ്ദേഹം നിർദേശം നൽകിയതായാണു വിവരം.
ഉദ്ഘാടനത്തിനായി എത്തുന്പോൾ പ്രധാനമന്ത്രി സഞ്ചരിക്കുന്ന സ്റ്റേഷനുകളിൽ ഉൾപ്പെടെയാണു ഇ. ശ്രീധരൻ സന്ദർശിച്ചത്. സന്ദർശന വിവരമറിഞ്ഞു കെ.വി. തോമസ് എംപിയും ഡിഎംആർസി, കെഎംആർഎൽ ഉദ്യോഗസ്ഥരും പാലാരിവട്ടത്ത് എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘത്തിന്റെ (എസ്പിജി) നിർദേശമനുസരിച്ചാണു ഇ. ശ്രീധരനെ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎൽഎ പി.ടി. തോമസ്, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കഐംആർഎൽ) എംഡി ഏലിയാസ് ജോർജ് തുടങ്ങിയവർക്കും ഉദ്ഘാടനവേദിയിൽ ഇടമില്ല.
ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ എന്നിവർ മാത്രമാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയിലേക്കു നിശ്ചയിക്കപ്പെട്ടവർ. കെഎംആർഎൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നൽകിയ പട്ടികയിൽ 13 പേരുണ്ടായിരുന്നു. സുരക്ഷാകാരണങ്ങളുടെ പേരിലാണ് ഈ കൂട്ടഒഴിവാക്കലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇ. ശ്രീധരൻ അടക്കമുള്ള പ്രമുഖരെ ഒഴിവാക്കിയ നടപടിക്കെതിരേ കടുത്തപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഇതിനിടെയാണു അദ്ദേഹം മെട്രോ സ്റ്റേഷൻ സന്ദർശിച്ചത്.