ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ തർക്കവുമായി ബിജെപി മുന്നോട്ട്. ആർഎസ്എസ് ഇടപെട്ടതോടെ സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന ധാരണ പരന്നെങ്കിലും വീണ്ടും തർക്കം ഉടലെടുത്തു.
സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയും മുൻ അധ്യക്ഷൻ വി. മുരളീധരനും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ തമ്മിലുള്ള പടലപിണക്കം ശക്തമായതോടെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കഴിയാതെ വിഷമിക്കുകയാണ് പാർട്ടി. ഇന്നലെ ബിജെപി 14 സീറ്റിലും ബിഡിജെസ് അഞ്ചു സീറ്റിലും കേരള കോണ്ഗ്രസ് തോമസ് വിഭാഗം ഒരു സീറ്റിലും മത്സരിക്കുമെന്ന കാര്യം ഉറപ്പിച്ചെങ്കിലും ബിജെപിയിലെ സീറ്റുകളിൽ പൂർണമായും ധാരണയായിട്ടില്ല.
പാലക്കാട്, പത്തനംതിട്ട സീറ്റുകളിലും ഇപ്പോഴും കടുംപിടുത്തം നടക്കുന്നുണ്ട്. ഓരോ നേതാക്കളെ ഓരോ മണ്ഡലത്തിലും ചുമതല ഏല്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കവും ശക്തമായിട്ടുണ്ട്. മുൻ കാലങ്ങളിൽ സംഭവിച്ചതുപോലെ കോഴ വിവാദം ഉടലെടുക്കുമെന്ന ഭയവും പാർട്ടിയിൽ ശക്തമായിട്ടുണ്ട്.
ഹോളിയായതു കൊണ്ടാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് പാർട്ടി നിലപാട്. എല്ലാ സീറ്റിലും ധാരണയെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ സ്ഥാനാർഥിനിർണയത്തിൽ ഏകദേശ ധാരണയായെങ്കിലും പൂർണമായും ഉൾക്കൊള്ളാത്ത വി. മുരളീധരവിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
അമിത്ഷാ നൽകുന്ന ഉറപ്പിൽ മാത്രമാണ് മുരളീധരവിഭാഗം തണുക്കുകയുള്ളൂ. ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന റിപ്പോർട്ട് കേരളഘടകം കൊടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അമിത്ഷാ മയപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതു കൊണ്ടു മാത്രമാണ് ഇരുവിഭാഗത്തെയും ഒന്നിച്ചു കൊണ്ടു പോകാൻ നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പു സമയത്തു ഒരു പ്രശ്നം സൃഷ്ടിക്കരുതെന്നും നിർദേശമുണ്ട്.
എറണാകുളത്തു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും, പത്തനംതിട്ടയിൽ കെ. സുരേന്ദ്രനും, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനും ബിജെപി സ്ഥാനാർഥികളാകും. പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എം ടി. രമേശ്, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ മത്സര രംഗത്തു നിന്നു പിന്മാറി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ തന്നെ മത്സരിക്കും.
ഇതിനിടെ തിരുവനന്തപുരം മണ്ഡലത്തിന്റെ പാർട്ടി ചുമതല എം ടി. രമേശിനു നൽകുമെന്നാണ് സൂചന. ഇതോടെ പാർട്ടിയിൽ ഗ്രൂപ്പിസവും തലപൊക്കുകയാണ്. വിജയസാധ്യതയുള്ള തിരുവനന്തപുരത്ത് എംടി രമേശിനെ നിയോഗിക്കുന്പോൾ കുമ്മനത്തിന്റെ സാധ്യതകൾ അടയുമെന്ന വിലയിരുത്തൽ സജീവമാണ്.
ഒരു പ്രത്യേക ഗ്രൂപ്പിന്റെ വക്താവാണ് രമേശ്. അതുകൊണ്ട് തന്നെ രമേശിനെ തിരുവനന്തപുരത്തേക്ക് നിയോഗിക്കുന്നത് ഏകോപനത്തിൽ പ്രശ്നമാകുമെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ അതിശക്തമായ വിഭാഗിയതയുള്ള സ്ഥലമാണ് തിരുവനന്തപുരം.
പത്തനംതിട്ടയിൽ മത്സരിക്കാൻ കടുംപിടിത്തം പിടിച്ച രമേശിനെ ബിജെപി കേന്ദ്ര നേതൃത്വം വെട്ടിയൊതുക്കിയിരുന്നു. കോഴിക്കോട്ടോ വടകരയിലോ മത്സരിക്കാനും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വേണ്ടെന്ന് വച്ചാണ് രമേശ് തിരുവനന്തപുരത്തേക്ക് വരുന്നത്. തിരുവനന്തപുരത്ത് വി മുരളീധര വിഭാഗം സജീവമാണ്.
കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് മണ്ഡലത്തിൽ പരിഗണിക്കണമെന്നാണു ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇവിടെ സി. കൃഷ്ണകുമാറിനാണ് സാധ്യത. ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിലേക്കു മാറുകയായിരുന്നു. പുതുതായി പാർട്ടിയിലെത്തിയ ടോം വടക്കന് സ്വദേശമായ തൃശൂരിനോടായിരുന്നു താൽപര്യമെങ്കിലും സീറ്റ് വിഭജനത്തിൽ ഈ മണ്ഡലം ബിഡിജഐസിനാണ്. അതിനാൽ അദ്ദേഹത്തെ കൊല്ലത്തേക്കു പരിഗണിക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് സീറ്റുകളിലാണു ബിജെപി മത്സരിക്കുന്നത്. തൃശൂർ, മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് സീറ്റുകളിൽ ബിഡിജഐസ് മത്സരിക്കും. പി.സി തോമസിന്റെ കേരള കോണ്ഗ്രസിനു നൽകിയ കോട്ടയം സീറ്റിൽ അദ്ദേഹം തന്നെയാണു സ്ഥാനാർത്ഥി.