തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തോടാണ് ചോദിക്കേണ്ടത്. നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക സ്വാഗതാര്‍ഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
കേരളത്തിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായ ശേഷമാണ് ഡൽഹിയിൽ നിന്ന് മടങ്ങിവന്നത്. എന്നാൽ ഒരു സീറ്റില്‍ മാത്രം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാത്തതിനെപ്പറ്റി അറിയില്ല. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.
ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ കേരളത്തിൽ മത്സരിക്കുന്ന 13 സീറ്റുകളിലെ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് കേരളത്തിലെ ഉൾപ്പെടെ 182 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളത്തിൽ പത്തനംതിട്ട സീറ്റിലെ സ്ഥാനാർഥിയെ കുറിച്ച് മാത്രമാണ് തീരുമാനം ആകാത്തത്.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന. പത്തനംതിട്ടയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ അംഗീകരിക്കണമെന്ന ആർഎസ്എസ് നിർദേശം ദേശീയ അധ്യക്ഷൻ അമിത്ഷാ അംഗീകരിച്ചിരുന്നു. പത്തനംതിട്ട സീറ്റ് സംബന്ധിച്ച് നാളെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.