കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ സമരം ഭക്തര്‍ക്ക് വേണ്ടി തന്നെയാണെന്നു വി.മുരളീധരന് എം.പി. രാഷ്ട്രദീപികയോടു പറഞ്ഞു. സമരം കമ്മ്യൂണിസ്റ്റുകാര്ക്കെതിരേയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വി.മുരളീധരന് നിലപാട് വ്യക്തമാക്കിയത്. ഇതോടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നതിലേക്കാണ് പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത്.
ബിജെപി സമരം ഫോക്കസ് ചെയ്യുന്നില്ലെന്നാണ് മുരളീധരന് പറയുന്നത് . ഭക്തന്മാര്ക്ക് ശബരിമലയില്‍ പോവാനുള്ള സാഹചര്യം ഉണ്ടാവണം. ഇതാണ് ബിജെപിയുടെ സമരത്തിന് പിന്നിലെ ലക്ഷ്യമെന്നും വി.മുരളീധരന് പറഞ്ഞു. സമരം കമ്മ്യൂണിസ്റ്റുകാര്ക്കെതിരേയാണെന്ന പി.എസ്.ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയുടെ സമരം കമ്മ്യൂണിസ്റ്റുകാര്ക്കെതിരേയാണെന്നായിരുന്നു ഇന്നലെ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞത്. സ്ത്രീപ്രവേശനമല്ല ഇപ്പോഴത്തെ പ്രശ്നമെന്നും കമ്മ്യൂണിസ്റ്റുകാര്ക്കെതിരേയാണ് സമരമെന്നുമായിരുന്നു ശ്രീധരന്‍പിള്ള ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചത്.
ശ്രീധരന്‍പിള്ളയുടെ പ്രസ്താവന പ്രവര്‍ത്തകള്‍ക്കും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന പ്രസ്താവന ഏറെ വിവാദമായിരുന്നു. ഈ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് മറ്റൊരു വിവാദ പ്രസ്താവനയുമായി പ്രസിഡന്റ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീണ്ടുമെത്തിയത്.
ശബരിമല വിഷയം പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നതിനിടെയുള്ള വിവാദപരമായ പ്രസ്താവനയെ എങ്ങനെ പ്രതിരോധിക്കുമെന്നാണ് താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ക്ഷേത്രവുമായും മറ്റും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന യുവാക്കളുള്‍പ്പെടെയുള്ളവരെ ബിജെപിയിലേക്ക് ആകര്‍ഷിപ്പിക്കും വിധത്തിലാണ് വാട്സ് ആപ്പ് വഴിയും മറ്റും താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്.
അതിന് ഭംഗം വരുത്തും വിധത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ ഉണ്ടാവുന്നതെന്നാണിവര് പറയുന്നത്. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിന്റെ സര്‍ക്കുലര്‍ പുറത്തായതും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
സര്‍ക്കുലര്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ചിലരുടെ അറിവോടെയാണെന്നാണ് ഉയരുന്ന ആരോപണം. വിശ്വാസ സംരക്ഷണത്തിനെന്ന പേരില്‍ കൂടുതല്‍ പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനുള്ള അജണ്ടയാണ് ഇന്നലെ മാധ്യമങ്ങളിലൂടെ പുറത്തായത്.