കോഴിക്കോട്: തനിക്കെതിരായ കേസിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ഉന്നത സിപിഎം നേതാക്കളും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇതിനു പിന്നിലുണ്ട്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം ആരോപിച്ചു.
ആറ്റിങ്ങലിൽ നടത്തിയ മുസ്ലിംവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ടാണു ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തത്. എന്നാൽ പ്രസംഗത്തിൽ മതസ്പർധ വളർത്തുന്ന ഒരു വാക്ക് പോലും ഇല്ലെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു. ഒരു മതത്തെ കുറിച്ചും പരാമർശമില്ല. ദൈവത്തിന്റെ മുന്നിലും കോടതിക്ക് മുന്നിലും താൻ കുറ്റക്കാരനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ കോടതി വിധി എതിരായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. എന്നാൽ ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ പരാതി നൽകിയ വി.ശിവൻകുട്ടി പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നും ശ്രീധരൻപിള്ള ചോദിച്ചു.