തിരുവനന്തപുരം: വട്ടിയൂർകാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ഒ.രാജഗോപാലിന്റെ നടപടിയെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ബിജെപി പാലമെന്ററി ബോർഡ് ചേർന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ കുമ്മനത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജഗോപാലിനെ വേദിയിലിരുത്തിയാണ് പ്രസംഗത്തിനിടെ ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്. അതേസമയം, രാജഗോപാലിന്റെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
വട്ടിയൂർ കാവിൽ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാർഥിയെന്നുമായിരുന്നു രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തിൽ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.