കോഴിക്കോട്: കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളക്കെതിരേ കേസെടുത്തെങ്കിലും അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. ആലോചിച്ചശേഷം തുടര്‍ നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് നടക്കാവ് പോലീസ്. കസബ പോലീസാണ് ഐപിസി 505 (1) ബി പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് നടക്കാവ് പോലീസിന് കൈമാറിയത്.
ജനങ്ങളിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നതിനാണ് ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത്. മജിസ്ട്രേട്ടിന്റെ അനുമതിയോടെ മാത്രമേ ഈ കേസിൽ പ്രതിയെ അറസ്റ്റുചെയ്യാൻ പാടുള്ളു. എന്നാല്‍ കേസിന്റെ സ്വഭാവമനുസരിച്ച് തുടര്‍ അന്വേഷണത്തില്‍ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും. അതുകൊണ്ടുതന്നെ ഉടൻ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
കാസര്‍ഗോഡ് മധൂരില്‍ നിന്ന് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ആരംഭിച്ച ശബരിമലസംരക്ഷണരഥയാത്ര ഇന്ന് കണ്ണൂരില്‍ എത്തി നില്‍ക്കുകയാണ്. ഈ അവസരത്തില്‍ ജാഥാക്യാപ്റ്റന് കൂടിയായ ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്തതാലുണ്ടാകുന്ന ഭവിഷ്യത്ത് പോലീസിന് നന്നായി അറിയാം.
മാതമല്ല രഥയാത്രയ്ക്കുനേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് എന്‍ഡിഎ ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധദിനമായി ആചരിക്കുകയാണ്. പ്രതിഷേധം കത്തിനില്‍ക്കുന്ന സമയത്ത് അറസ്റ്റ് എന്നത് പോലീസിന് ചിന്തിക്കാനാകില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബീഹാറില്‍ രഥയാത്രക്കിടെ ബിജെപി മുതിര്‍ന്നനേതാവ് എല്‍. കെ.അദ്വാനിയെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതത് രാജ്യവ്യാപക പ്രതിഷേധത്തിനും അക്രമത്തിനും വഴിവച്ചിരുന്നു. ഈ ഒരു സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പോലീസ്.
എപിസി 505 (1) ബി പ്രകാരം കേസെടുക്കണമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതുപ്രകാരമാണ് കസബ പോലീസ് എഫ്ഐആര്‍ ഇട്ടത്. തുടര്‍ന്ന് നടക്കാവ് പോലീസിലേക്ക് കേസ് കൈമാറുകയായിരുന്നു. അന്വേഷണത്തിലാണ് എന്നു പറഞ്ഞുകൊണ്ട് തല്കാലം തുടര്‍ നടപടികള്‍ മരവിപ്പിക്കാനാണ് തീരുമാനമെന്നറിയുന്നു.
കോഴിക്കോട് കസബ പോലീസില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനായ ഷൈബിന് നന്മണ്ട നല്കിയ പരാതിയിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനെതിരേ കേസെടുത്തത്. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.
പൊതുപ്രവര്‍ത്തകരായ സാജന് എസ് ബി നായര്‍ ഡിവൈഎഫ്ഐ നേതാവ് എല്‍ജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളില്‍ സമാനമായ പരാതി നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടയടയ്ക്കാന്‍ തന്ത്രിയ്ക്ക് താനാണ് ഉപദേശം നല്‍കിയതെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രസംഗിച്ചത്. തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചിരിക്കയാണെന്ന് പരാതിയില്‍ പറയുന്നു. നടക്കാവ് സ്റ്റേഷന് പരിധിയിലെ ഹോട്ടലില്‍വച്ചായിരുന്നു വിവാദ പ്രസംഗം.