ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരാജയം ബിജെപിയിൽ പ്രക്ഷുബ്ദമാക്കുന്നു. കേരളത്തിൽ അനുകൂലസാഹചര്യമുണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതിന്റെ കാരണം തേടി ഇന്നു ആലപ്പുഴയിൽ കോർ കമ്മിറ്റി ചേരുകയാണ്. കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ചേരുക. യോഗത്തിൽ കടുത്തവിമർശനം ഉയരാനുള്ള സാധ്യത കാണുന്നുണ്ട്.
ജയിക്കാവുന്ന സീറ്റുകളായ പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളിൽ വോട്ട് കൂടിയെങ്കിലും സാഹചര്യം മുതലാക്കാൻ പോലും കഴിയാത്തതു സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ തലയിൽ കെട്ടിവച്ചു തലയൂരാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിലും നേതൃത്വത്തിനെതിരേ വിമർശനം ഉയരാനുള്ള സാധ്യതയുണ്ട്.
ശബരിമല വിഷയം കത്തിച്ചതു കൊണ്ടു മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് കൂടിയതെന്നു പറയുന്പോഴും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നതു സംഘടന പ്രവർത്തനത്തിന്റെ പിഴവാണെന്ന വിമർശനം ഉയരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതു വഴി യുഡിഎഫിനു അനുകൂലമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുവെന്ന ആരോപണം ശക്തമാണ്. ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി വോട്ടുകളിൽ കുറവുണ്ടായി.
ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നതു തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നാണ് ആർഎസ്എസിന്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ കരുനീക്കം നടത്തുന്ന ഒരു വിഭാഗം ബിജെപിയിൽ സജീവമാണ്.
ഇതിനെ നേരിടാൻ വേണ്ടി ഒൗദ്യോഗിക വിഭാഗവും ശക്തമായി മുന്നിലുണ്ട്. ഇതെല്ലാം പാർട്ടിയെ ക്ഷീണിപ്പിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു പോലുള്ള ഒരു സാഹചര്യം കേരളത്തിൽ ഇനി ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.
ഇതൊന്നും മുതലാക്കാൻ സംസ്ഥാന നേതൃത്വത്തിനു സാധിച്ചില്ല. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതു മുതൽ ഗുരുതര വീഴ്ചയുണ്ടായി എന്നു തന്നെയാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, അഖിലേന്ത്യാ നേതൃത്വത്തിനു കേരളഘടകത്തിന്റെ പ്രവർത്തനത്തിൽ തൃപ്തിയാണെന്നാണ് ശ്രീധരൻപിള്ളയുടെ വാദം. ഇതെല്ലാം വെറുതെയാണെന്നും മറുഭാഗവും പറയുന്നു.
തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷനാണെന്ന് മുരളീധര പക്ഷം വിമർശനമുന്നയിക്കാൻ സാധ്യതയുണ്ട്. നേതൃയോഗം ഇന്ന് ചേരാനിരിക്കെ കേരളത്തിൽ താമര വിരിയാത്തതിനെച്ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പവും അഭിപ്രായഭിന്നതയും രൂക്ഷമാണ്.
നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായാണ് റിപ്പോർട്ടുകൾ. ശബരിമല ഗുണം ചെയ്തെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത പ്രതികരണങ്ങളുമായി നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. രാജ്യമാകെ മോദി തരംഗം അലയടിച്ചപ്പോഴാണ് കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറക്കൽ സ്വപ്നമായി അവശേഷിച്ചത്.ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെട്ടതും യുഡിഎഫ് തരംഗവും തിരച്ചടിയായെന്നാണ് ഒൗദ്യോഗിക പക്ഷത്തിന്റെ അനുമാനം.