കേരളത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാളും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തേക്കാളും പ്രാധാന്യം കല്‍പ്പിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കാണെന്ന പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. പ്രളയബാധിതമേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിനേക്കാള്‍ പ്രാധാന്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
പ്രളയക്കെടുതിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പതിനയ്യായിരം കോടി രൂപ നല്‍കിയിട്ടുണ്ടെന്നും എന്നിട്ടും കേരളം കേന്ദ്രത്തോട് നീതി കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്ഥാനതല ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കമിട്ട് സംസാരിക്കവെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്.
പ്രളയബാധിതമേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ബിജെപിയുടെ പങ്കാളിത്തം മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. വെള്ളപ്പൊക്കം ഉണ്ടായ ഉടനെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നല്‍കാത്ത പ്രാധാന്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത്.
അതേസമയം പ്രളയ ബാധിത മേഖലകളില്‍ സേവാഭാരതി നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയിലെ പോലെ ആയിമാറിയാല്‍ നാളെ ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം പത്രസമ്മേളനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.